വയനാട് : വയനാട്ട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കുള്ള സർക്കാരിന്റെ അടിയന്തര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ തന്നെ ഇഎംഐ പിടിച്ച ഗ്രാമീണ ബാങ്കിന്റെ നടപടിയിൽ രൂക്ഷ വിമർശനം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കളക്ടർക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുള്ളത്.
പുഞ്ചിരിമട്ടം സ്വദേശിനിയായ മിനിമോൾ എന്ന യുവതിക്കാണ് ഗ്രാമീണ ബാങ്കിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്. വീടുപണിക്ക് വേണ്ടി ചൂരൽമലയിലെ ഗ്രാമീണ ബാങ്കിൽ നിന്നും 50,000 രൂപ വായ്പ എടുത്തതിനാണ് ബാങ്ക് മാസംതോറും ഇഎംഐ ഈടാക്കിയിരുന്നത്. എന്നാൽ ഇത്തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള അടിയന്തര ധനസഹായം അക്കൗണ്ടിൽ വന്ന ഉടനെ ബാങ്ക് ഇഎംഐ പിടിച്ചെടുക്കുകയായിരുന്നു. വയനാട്ടിലെ ദുരന്തബാധിതർക്ക് മൊറട്ടോറിയം ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കാൻ ഇരിക്കെ ആണ് ഗ്രാമീണ ബാങ്കിന്റെ ഈ നടപടി.
ഗ്രാമീണ ബാങ്കിന്റെ നടപടി ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല എന്ന് എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ് ആദികേശവൻ അറിയിച്ചു. ഒരു വഴിയും ഇല്ലാതെ ഇരിക്കുന്നവർക്ക് വന്ന ധനസഹായത്തിൽ നിന്നും പണം പിടിക്കുക എന്നുള്ളത് ഒരുതരത്തിലും ശരിയായ കാര്യമല്ല. ഇഎംഐ ആയി പിടിച്ച പണം തിരികെ നൽകുകയാണ് ഗ്രാമീണ ബാങ്ക് ചെയ്യേണ്ടതെന്നും എസ് ആദികേശവൻ അഭിപ്രായപ്പെട്ടു. നാളെ നടക്കുന്ന എസ്എൽ ബിസിയുടെ യോഗത്തിൽ ആയിരിക്കും വയനാട് ദുരന്തബാധിതർക്കുള്ള മൊറട്ടോറിയം പ്രാബല്യത്തിൽ വരുന്ന തീയതി തീരുമാനിക്കുക.
Discussion about this post