തിരുവനന്തപുരം: കരസേന മുൻ മേധാവി ജനറൽ സുന്ദരരാജൻ പത്മനാഭൻ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ 20ാമത് കരസേന മേധാവി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരം സ്വദേശിയാണ്.
2000 മുതൽ 2002 വരെയായിരുന്നു അദ്ദേഹം കരസേന മേധാവിയായി ചുമതല വഹിച്ചിരുന്നത്. ഈ കാലയളവിൽ ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. 1990 കളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സൈന്യം നിർണായക നേട്ടം ആയിരുന്നു കൈവരിച്ചിരുന്നത്.
1940 ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് ആയിരുന്നു അദ്ദേഹം ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിൽ ചേർന്നു. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നായിരുന്നു അദ്ദേഹം പരിശീലനം പൂർത്തിയാക്കിയത്. ആർട്ടിലറി ബ്രിഗേഡിനെയും മൗണ്ടൻ ബ്രിഗേഡിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. ഇതിന് ശേഷം ആയിരുന്നു ഡൽഹിയിൽ എൻഡിസി കോഴ്‌സ് ചെയ്തത്. 1993 മുതൽ 1995 വരെ ജനറൽ പത്മനാഭൻ 15 കോർ കമാൻഡർ ആയിരുന്നു. വിരമിച്ച ശേഷം ചെന്നൈയിൽ താമസമാക്കിയ അദ്ദേഹം രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
Discussion about this post