എറണാകുളം: സംസ്ഥാനത്ത് ഇക്കുറിയും എല്ലാവർക്കും ഓണക്കിറ്റില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണക്കിറ്റ് ഇക്കുറി മഞ്ഞ കാർഡുകാർക്ക് മാത്രം നൽകിയാൽ മതിയെന്നാണ് തീരുമാനം. സെപ്തംബർ ആദ്യ വാരത്തോടെ ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കാനും തീരുമാനം ആയി.
സംസ്ഥാനത്ത് ആറ് ലക്ഷം മഞ്ഞ കാർഡ് ഉടമകൾ ആണ് ഉള്ളത്. കഴിഞ്ഞ വർഷവും ഇവർക്ക് മാത്രം ആയിരുന്നു ഓണക്കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു സർക്കാർ പറഞ്ഞിരുന്ന കാരണം. കിറ്റ് എല്ലാവർക്കും കൊടുക്കാത്തതിനെതിരെ കഴിഞ്ഞ വർഷം വലിയ വിമർശനം ആയിരുന്നു ആളുകളിൽ നിന്നും ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഈ വർഷവും സമാന നീക്കം.
അതേസമയം ഓണക്കിറ്റിൽ ഏതൊക്കെ ഉത്പന്നം ഉൾപ്പെടുത്തണം എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനങ്ങളാണ് നൽകിയിരുന്നത്.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണച്ചന്തകളും അടുത്ത മാസം ആദ്യവാരത്തോടെ ആരംഭിക്കും. ധനവകുപ്പിന് ലഭിച്ച 225 കോടി രൂപ കൊണ്ടാണ് ചന്തകൾ ആരംഭിക്കുക. ഓണച്ചന്തകൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.
Discussion about this post