തിരുവനന്തപുരം: മലയാള സിനിമയുമായി ബന്ധപ്പെട്ട ചൂഷണങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. ഇന്ന് ഉച്ചയോടെയാണ് സാംസ്‌കാരിക വകുപ്പ് റിപ്പോർട്ട് കൈമാറിയത്. 233 പേജുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്.
സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കി. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 81 മുതൽ 100 വരയുള്ള പേജുകളിലെ ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും 49-ാം പേജിലെ 96-ാം പാരഗ്രാഫും ഒഴിവാക്കിയിട്ടുണ്ട്. 55, 56 പേജുകളിൽ ഞെട്ടിക്കുന്ന ലൈംഗീക ചൂഷണങ്ങളുടെ വിവരങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. 53 പേരാണ് മൊഴി നൽകിയത്. ആളുകൾ മൊഴി നൽകിയപ്പോൾ തങ്ങൾക്ക് പോലും ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീട് മൊഴികളിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സിനിമാ മേഖലയിൽ ഇത്രയധികം ചൂഷണങ്ങൾ ഉണ്ടായിരുന്നതായി മനസിലായത്.
അതിക്രമം നടത്തിയവരിൽ പ്രമുഖരും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിനിമാ മേഖല ഭരിക്കുന്നത് ക്രിമിനലുകളാണ്. വഴിവിട്ട കാര്യങ്ങൾ ചെയ്യുവാൻ സിനിമാ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സഹകരിക്കുന്നവർ ഒരു പ്രത്യേക കോഡിൽ അറിയപ്പെടും. സഹകരിച്ചില്ലെങ്കിൽ കരിയർ തന്നെ നശിപ്പിക്കുമെന്ന് ഭീഷണിയുമുണ്ട്.
ഇതിനെല്ലാം ഇടനിലക്കാരായി പ്രവർത്തിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നടിമാർക്ക് അടിസ്ഥാന മനുഷ്യാവകാശം പോലുമില്ല. നടിമാരുടെ വാഹനങ്ങൾ പുറത്ത് നിന്നും പൂട്ടുന്നത് പതിവാണ്. സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിക്കും. 17 തവണ ഇത്തരത്തിൽ തുടരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിക്കാറുണ്ട്. ചൂഷണം ചെയ്ത ആളുടെ ഭാര്യയായി വരെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എതിർത്താൽ അശ്ലീല ഭാഷയിൽ സൈബർ ആക്രമണം ഉണ്ടാകുന്നത് പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post