മലപ്പുറം: പൊതുവേദിയിൽ മലപ്പുറം എസ്പി എസ് ശശിധരനെ അവഹേളിച്ച് പി.വി അൻവർ എംഎൽഎ. മലപ്പുറം ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വച്ചായിരുന്നു അധിക്ഷേപം. മലപ്പുറം പോലീസിനെയും എംഎൽഎ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതോടെ പരിപാടിയിൽ പ്രസംഗത്തിന് തയ്യാറാകാതെ ശിശധരൻ വേദി വിട്ടു.
പരിപാടിയിൽ അൽപ്പം വൈകിയാണ് എസ്പി എത്തിയത്. ഇതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. തന്റെ പാർക്കിന് അനുമതി നൽകില്ലെന്നും, പാർക്കിൽ നിന്നും മോഷണം പോയ വസ്തുക്കൾ കണ്ടെത്താൻ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു അവഹേളനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിനെ ചില പോലീസുകാർ മോശക്കാരാക്കാൻ ശ്രമിക്കുന്നു. എസ്പി പരിപാടിയിൽ എത്താൻ വൈകിയത് പോലും ഇതിന് ഉദാഹരണം ആണെന്നും അൻവർ സൂചിപ്പിച്ചു.
തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാരല്ല ഇത്. കേന്ദ്രത്തിന് വേണ്ടി കുടപിയ്ക്കുകയാണ് പോലീസ്. താൻ ഇവിടെ എസ്പിയെയും കാത്ത് ഒരുപാട് സമയം ഇരുന്നു. വലിയ ജോലി തിരക്കുള്ള ആളാണ് എസ്പി. അത് തനിക്കും അറിയാം. ജോലി തിരക്കുകൊണ്ടാണ് അദ്ദേഹം വൈകിയത് എങ്കിൽ കുഴപ്പമില്ല. എന്നാൽ താൻ ഇവിടെ അൽപ്പ നേരം കാത്തിരിക്കട്ടെ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എങ്കിൽ അദ്ദേഹം അതേക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും എന്നും അൻവർ വിമർശിച്ചു. പോലീസിന് മാറ്റം ഉണ്ടായില്ലെങ്കിൽ ജനങ്ങൾ ഇടപെടുമെന്നും അൻവർ താക്കീത് നൽകി.
തന്റെ പാർക്കിൽ നിന്നും രണ്ടായിരം കിലോ ഭാരം വരുന്ന റോപ് ആണ് മോഷണം പോയത്. എട്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചിട്ടില്ല. പ്രതിയെന്ന് പറഞ്ഞ് ആരെയോ വിളിച്ചുവരുത്തി ചായ കൊടുത്തുവിട്ടു. വേണമെങ്കിൽ ആർക്കാണേലും പ്രതിയെ പിടിയ്ക്കാം. ഏത് പൊട്ടനും പ്രതിയെ കണ്ടെത്താവുന്നതേ ഉള്ളൂ. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കും എന്നും അൻവർ പറഞ്ഞു.
പരിപാടിയിൽ മുഖ്യപ്രഭാഷകൻ ആയിരുന്നു മലപ്പുറം എസ്പി. മന്ത്രിയ്ക്ക് പിന്നാലെ വേദിയിൽ സംസാരിക്കാൻ എത്തിയ അദ്ദേഹം അൽപ്പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും പറഞ്ഞ് തിരിച്ച് പോകുകയായിരുന്നു.
Discussion about this post