മറ്റൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ചിങ്ങം പിറന്നതോടെ ഓണാഘോഷങ്ങളുടെ തിരക്കുകളിലേക്ക് കേരളവും കടന്നു. ഓണ വിപണി സജീവമാണ്. ഓണാഘോഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. സാധാരണയായി അത്തം പിറന്ന് 10 ദിവസമാണ് മലയാളികളുടെ ഓണാഘോഷം. എല്ലാ വർഷവും ഇത് ഇങ്ങിനെയാണ്. എന്നാൽ ഇത്തവണത്തെ ഓണം പതിവ് തെറ്റിച്ചുകൊണ്ടാണ് എത്തുന്നത്. എന്താണെന്നല്ലേ?. ഇത്തവണ മൂന്നാം ഓണം വരെയാണ് ഉള്ളത്.
ഉത്രാടം മുതലാണ് സദ്യവട്ടങ്ങളോട് കൂടിയുള്ള നമ്മുടെ ഓണാഘോഷം. ഒന്നാം ഓണം എന്നാണ് ഉത്രാടം അറിയപ്പെടുന്നത്. ചതയം നാളിലെ നാലാം ഓണത്തോട് കൂടിയാണ് നമ്മുടെ ഓണാഘോഷം അവസാനിക്കുക. എന്നാൽ ഈ നാലാം ഓണം ഇക്കുറിയില്ല. എന്താണ് ഇങ്ങനെ പറയുന്നത് എന്നല്ലേ?. അതിനൊരു കാരണം ഉണ്ട്.
കലണ്ടർ പ്രകാരം നാലാം ഓണം വരുക കന്നിമാസത്തിൽ ആണ്. മൂന്നാം ഓണമായ അവിട്ടം ദിനത്തോടെ ചിങ്ങമാസം അവസാനിക്കും. ചതയം നാൾ കന്നിമാസം ഒന്നാം തിയതിയാണ് വരുന്നത്. ചിങ്ങത്തിലാണ് മലയാളികൾക്ക് ഓണം. അതുകൊണ്ട് തന്നെ ഇത് നാലാം ഓണമായി കണക്കാൻ കഴിയില്ല. സാധാരണയായി നാലം ഓണത്തിന്റെ അന്നാണ് ശ്രീനാരായണഗുരു ജയന്തി വരാറുള്ളത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഇന്നാണ് ഈ ദിനം.
ഓണത്തിന്റെ അവസാനദിനം കന്നിമാസത്തിൽ ആയി എങ്കിലും ആഘോഷ പരിപാടികൾ പതിവ് പോലെ തന്നെ ആയിരിക്കും. സദ്യവട്ടങ്ങളോടെയാകും ഈ ദിനവും മലയാളികൾക്ക് കടന്നുപോകുക. നാലാം ഓണം നക്കിത്തുടച്ച് ഉണ്ണണം എന്നാണ് പഴമക്കാർ പറയാറുള്ളത്.
Discussion about this post