എറണാകുളം: പൊതുപരിപാടിയിൽ അവതാരിക സൂപ്പർ സ്റ്റാർ എന്ന് വിളിച്ചത് ഇഷ്ടമാകാതെ നടൻ ബൈജു സന്തോഷ്. ഇതേ തുടർന്ന് വേദിയിലേക്ക് വരാൻ അദ്ദേഹം വിസമ്മതിച്ചു. അവതാരിക മാപ്പ് പറഞ്ഞതിന് ശേഷമായിരുന്നു പിന്നീട് അദ്ദേഹം വേദിയിലേക്ക് കയറിയത്.
നുണക്കുഴി എന്ന സിനിമയുടെ സക്‌സസ് മീറ്റിനിടെ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ സൂപ്പർ സ്റ്റാർ ബൈജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു അവതാരിക പറഞ്ഞത്. എന്നാൽ അപ്പോൾ തന്നെ അതിൽ ബൈജു സന്തോഷ് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു.
താൻ സൂപ്പർ സ്റ്റാർ അല്ലെന്നും, അത് മാറ്റിപറയണമെന്നും നടൻ ആവശ്യപ്പെട്ടു. മാറ്റി വിളിച്ചാൽ മാത്രമേ വേദിയിലേക്ക് വരൂ എന്ന് നടൻ പറഞ്ഞതോടെ അവതാരിക മാപ്പ് പറയുകയായിരുന്നു. ഇതിന് പിന്നാലെ സ്റ്റേജിലേക്ക് കയറി. വൻ കയ്യടി ആയിരുന്നു ഈ വേളയിൽ ഉയർന്നത്.
ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് നുണക്കുഴി. ഇതിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബൈജു എത്തുന്നത്. നിഖില വിമൽ, അജു വർഗ്ഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Discussion about this post