വെറുതെ ഇരിക്കുമ്പോൾ മാളുകളിലും ഷോപ്പുകളിലും പോകുന്ന ശീലക്കാരാണ് നമ്മളിൽ പലരും. വിനോദത്തിനായി മാളുകളിൽ പോയി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലവും ഇതിനോടൊപ്പമുണ്ട്. ഷോപ്പിംഗ് കഴിഞ്ഞാൽ മാളുകളിലായാലും ഷോപ്പുകളിലാലായും എന്തിനേറെ പറയുന്നു ഹോട്ടലുകളിൽ പോലും നമ്മുടെ ഫോൺ നമ്പർ ചോദിക്കാറുണ്ട്. കൗണ്ടറിൽ നിൽക്കുന്ന ആൾ നമ്പർ ചോദിക്കുമ്പോൾ നമ്മൾ മടി കൂടാതെ നമ്പർ കൊടുക്കുന്നു. ബില്ല് അടിക്കുന്നു പണം നൽകുന്നു സാധാനം വാങ്ങി സന്തോഷത്തോടെ പോകുന്നു.
എന്തിനാണ് ഇങ്ങനെ ഫോൺ നമ്പർ വാങ്ങുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങൾ കൗണ്ടറിൽ നിൽക്കുന്ന ആളോട് ചോദിച്ചിട്ടുണ്ടോ? ഷോപ്പിംഗ് മാളുകളും മറ്റും അവരുടെ ഡാറ്റാ ബേസ് നിർമ്മിക്കുന്നതിനാണ് ഇങ്ങനെ ഉപഭോക്താക്കളുടെ ഫോൺനമ്പർ ശേഖരിക്കുന്നത്. എന്നാൽ മാളുകളിലും റസ്റ്റോറന്റുകളിലും ഒരു കാരണവശാലും ഫോൺ നമ്പർ നൽകേണ്ടെന്നാണ് പൂനെയിലെ സപ്ലൈ ഓഫീസ് പറയുന്നത്. ഓൺലൈൻ തട്ടിപ്പുകൾ സർവവ്യാപിയായതോടെയാണ് ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരത്തിലൊരു മുന്നറിയിപ്പുമായി അധികൃതർ എത്തിയിരിക്കുന്നത്.
ഇത്തരം സ്ഥാപനങ്ങളിൽനിന്നും ക്രിമിനലുകൾക്ക് ഈ നമ്പറുകൾ എളുപ്പത്തിൽ കൈക്കലാക്കാനാകും. ഇത്തരത്തിൽ നൽകുന്ന നമ്പറുകൾ വ്യക്തിയുടെ സമ്മതമില്ലാതെ പങ്കിടുന്നത് ക്രിമിനൽ കുറ്റമാണെന്ന് ജില്ലാ സപ്ലൈ ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ അവരുടെ അറിവില്ലാതെ മൂന്നാം കക്ഷികളുമായി പങ്കിടുന്ന സ്ഥാപനങ്ങൾക്ക് ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 പ്രകാരം ക്രിമിനൽ നടപടി നേരിടേണ്ടിവരും, അതിൽ മൂന്ന് വർഷം തടവും 5 ലക്ഷം രൂപ വരെ പിഴയും ഉൾപ്പെടുന്നു.
Discussion about this post