എറണാകുളം: കൊൽക്കത്തിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പുതിയ ആശയവുമവയി വിപിഎസ് ലേക്‌ഷോർ ആശുപത്രി. ഇതിന്റെ ഭാഗമായി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും മാർഷ്യൽ ആർട്ടിസിൽ പരിശീലനം നൽകാനുള്ള പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചിലവിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടമെന്നോണമാണ് ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ആയോധന കലയിൽ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാരിന്റെ പിന്തുണയോടെ, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് മാസത്തിനുള്ളിൽ 50,000 സ്ത്രീകൾക്ക് ആയോധന കലയിൽ സൗജന്യ പരിശീലനം നൽകുകയാണ് ലക്ഷ്യം.
ഈ പദ്ധതിയിലൂടെ തങ്ങളുടെ ടീമിൽ ആത്മവിശ്വാസവും സഹിഷ്ണുതയും വളർത്തുകയാണ് ലക്ഷ്യമെന്ന് ലേക്‌ഷോർ ആശുപത്രി അധികൃതർ പറഞ്ഞു. ആയോധനകലയിലൂടെ ശാരീരിക പ്രതിരോധത്തിനുള്ള കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല, മാനസിക ശക്തി വർദ്ധിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിന് പുറമേ, ജീവനക്കാർക്ക സുരക്ഷാ കിറ്റുകളും വിതരണം ചെയ്യും. പപ്പറ സ്‌പ്രേ പോലുള്ള ഉപകരണങ്ങളും സ്ത്രീകൾക്ക് ഉടനടി സ്വയം പ്രതിരോധിക്കാന കഴിയുന്ന മറ്റ് സുരക്ഷാ ഉപകരണങ്ങളും കിറ്റിൽ ഉണ്ടാകും. ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യഭ്യാസ ക്ലാസുകൾ നടത്തുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.









Discussion about this post