സമ്മർദ്ദങ്ങളും ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കാത്ത മനുഷ്യരുണ്ടാകില്ല. ചിലർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ട്രോമയിലാകും കലാശിക്കുക. ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും നമ്മയെ ട്രോമയിൽ കൊണ്ടെത്തിക്കാം. ഈ അവസ്ഥയിൽ വളരെ പെട്ടെന്നാകും നാം എത്തുക. എന്നാൽ ഇതിൽ നിന്നും തിരിച്ച് ജീവിതത്തിലേക്ക് എത്താൻ ചിലർക്ക് മാത്രമേ കഴിയുകയുള്ളൂ.
ഇത്തരത്തിൽ ട്രോമ ബാധിച്ചവരെ തിരികെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് ഇസ്രായേൽ സ്വദേശിനി ലിസ. ഇതിന് ലിസ സ്വീകരിക്കുന്ന മാർഗ്ഗം ഇതിനോടകം തന്നെ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. തന്റെ കുതിരകളെയാണ് ലിസ ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടിസം, എഡിഎച്ചഡി എന്നീ രോഗം ബാധിച്ച കുട്ടികളെയും ലിസ തന്റെ കുതിര തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരികെ കയറ്റുന്നു.
ഇസ്രായേലിലെ റമത്ത് ബെയ്ത്ത് ഷെമേഷിലുള്ള ടിമിന്‌സ്‌കൈയിലാണ് ലിസയുള്ളത്. ഭർത്താവും ഏഴ് മക്കളും 21 കൊച്ചുമക്കളും അടങ്ങുന്നതാണ് ലിസയുടെ കുടുംബം. മക്കളെല്ലാവരും കുടുംബവുമായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയതോടെ ലിസയും ഭർത്താവും ഒറ്റയ്ക്കായി. ആളുകൾക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ആയിരുന്നു കുതിരകളെ ഉപയോഗിച്ചുള്ള ചികിത്സ എന്ന ആശയത്തിലേക്ക് ലിസയെ എത്തിച്ചത്.
ഒറ്റപ്പെട്ട ജീവിതം ലിസയെയും ട്രോമയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കായി ചെന്നപ്പോൾ നിങ്ങളുടെ ആഗ്രഹം എന്തെന്ന് തെറാപ്പിസ്റ്റ് ചോദിക്കുകയായിരുന്നു. കുതിരയെ ഓടിക്കണം എന്നായിരുന്നു ഇതിന് ലിസ നൽകിയ മറുപടി. ഇതോടെ ഇതിനായുളള പരിശീലനം ആരംഭിച്ചു. പതിയെ ട്രോമയെ ലിസ മറികടന്നു. ശേഷം തെറാപ്പിയുമായി ബന്ധപ്പെട്ട കോഴ്‌സും പഠിച്ചു. ഇതോടെയാണ് ട്രോമ അനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കുതിര തെറാപ്പി ഉപയോഗിക്കാൻ ലിസ തീരുമാനിച്ചത്.
ട്രോമ അനുഭവിക്കുന്ന നിരവധി പേരാണ് കുതിരയെ ഓടിക്കുന്നത് പരിശീലിക്കാൻ ലിസയുടെ അടുത്ത് എത്തുന്നത്. നിരവധി പേരെ ഇതിനോടകം തന്നെ ലിസ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയിട്ടുണ്ട്. സൈനികർ വരെ ഇവിടെ തന്റെ തെറാപ്പിയ്ക്കായി എത്താറുണ്ടെന്ന് ലിസ പറയുന്നു.
Discussion about this post