നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ടോയ്‌ലറ്റ്. ഇന്ന് ഇന്ത്യൻ ടോയ്‌ലറ്റുകളേക്കാൾ ആളുകൾക്ക് താത്പര്യം പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റുകളാണ്. പുതിയ രീതിയിലുള്ള ടോയ്‌ലറ്റുകളിൽ ലിവർ സ്റ്റൈൽ ഫ്ളഷ് സംവിധാനം ഇപ്പോൾ രണ്ടു ബട്ടണുകളോട് കൂടിയാണ് വരുന്നത്.അതിൽ ഒന്ന് വലുതും ഒന്ന് ചെറുതമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്. ആധുനിക രീതിയിലുള്ള ഡബിൾ ഫ്ളഷ് ടോയ്ലറ്റുകൾക്ക് രണ്ട് വ്യത്യസ്ത ലിവറുകളോ ബട്ടണുകളോ ഉണ്ട്. അതിൽ ഒന്ന് വലുതും രണ്ടാമത്തേത് ചെറുതുമായിരിക്കും. ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാൽവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡിൽ നിന്ന് പുറത്തേക്ക് ഒഴുകാൻ ആവശ്യമായ വെള്ളത്തിന്റെ അളവിനെയാണ് സൂചിപ്പിച്ചിരിക്കുന്നത്.
വലിയ ലിവർ ആറ് മുതൽ ഒൻപത് ലിറ്റർവെള്ളമായിരിക്കും ഫ്ളഷ് ചെയ്യുക. അതേസമയം, ചെറിയ ലിവറാകട്ടെ മൂന്ന് മുതൽ 4.5 ലിറ്റർ വെള്ളമായിരിക്കും ഫ്ളഷ് ചെയ്യുക. വലിയ ലിവർ ഖരരൂപത്തിലുള്ള മാലിന്യം നീക്കുന്നതിന് ചെറിയ ലിവർ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. നിങ്ങൾ മൂത്രമൊഴിക്കുകയാണെങ്കിൽ ചെറിയ ബട്ടൺ ആണ് അമർത്തേണ്ടത്. അതേസമയം, മലവിസർജനമാണെങ്കിൽ വലിയ ബട്ടൺ അമർത്തുകയും വേണം. ബട്ടണുകൾക്ക് കേടുവരരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു സമയം ഒരു ബട്ടൺ മാത്രം അമർത്താൻ ശ്രദ്ധിക്കുക.
ഇനി ഒന്നോ രണ്ടോ ബട്ടൺ ആയാലും ടോയ്‌ലറ്റിന്റെ മൂടി അടച്ചുവേണം ഫ്‌ളഷ് ചെയ്യാൻ എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഫ്‌ളഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും. വൈറസ്, ബാക്ടീരിയ തുടങ്ങിയ നിരവധി രോഗാണുക്കളുടെ സംഘമാണ് ഇത്. ഫ്‌ളഷ് ചെയ്യുമ്പോൾ പുറത്തുവരുന്ന ബാക്ടീരിയകളും വൈറസുകളും വായുവിൽ അഞ്ചടി ഉയരത്തിലെങ്കിലും പടരും. ഇത് ഒരു വ്യക്തിയുടെ മൂക്കിനടുത്തെത്താൻ വെറും സെക്കൻഡുകൾ മാത്രം മതി.
മാത്രവുമല്ല, ഇവ ടോയ്‌ലറ്റിലിരിക്കുന്ന സിങ്കിലും ടവ്വലുകളിലും മറ്റുവസ്തുക്കളിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും. ഇവയിൽ സ്പർശിച്ച് വേണ്ടവിധം കൈകൾ ശുചിയാക്കാതിരിക്കുന്നതിലൂടെ അത് ശരീരത്തിലെത്തും. ഇ.കോളി, നോറോ വൈറസ് തുടങ്ങി കൊറോണാ വൈറസ് വരെ ഇപ്രകാരം ശരീരത്തിലെത്താമെന്ന് ഗവേഷകർ പറയുന്നു. ഗ്യാസ്ട്രിക് സംബന്ധമായ അസുഖങ്ങൾ, ശ്വാസകോശസംബന്ധമായവ, ചർമത്തെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയൊക്കെ ഇതിലൂടെ പിടിപെടുകയും ചെയ്യാം. അതിനാൽ ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോൾ മൂടി അടച്ച് ചെയ്യുന്നത് ഒരുപരിധി വരെ അണുക്കളെ അകറ്റി നിർത്തുന്നു.
കൂടാതെ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിക്കുന്നതും ഓരോ ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകുക.യും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുക. ബാത്ത്‌റൂം സീറ്റ് ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കുക.
Discussion about this post