തിരുവനന്തപുരം; ചലച്ചിത്ര അക്കാദമി ചെർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സമ്മര്‍ദ്ദത്തിലായി സര്‍ക്കാര്‍. രഞ്ജിത്തിനതിരെ നടപടി എടുക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേര് പറയാത്തത് കൊണ്ട് കേസെടുക്കാൻ കഴിയില്ലെന്ന് ആയിരുന്നു സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ വാദം. എന്നാല്‍, നടി ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതാണ് രഞ്ജിത്തിനെയും സർക്കാരിനെയും വെട്ടിലാക്കിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്ന് ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി കൂട്ടിച്ചേർത്തു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല.
തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് താരം പറയുന്നു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷിയോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല”, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.
എന്നെ സംബന്ധിച്ച് ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുകയെന്നത് വലിയ കാര്യമായിരുന്നു. കൊച്ചിയിലെത്തി. ഫോട്ടോഷൂട്ടിനൊക്കെ ശേഷം നിർമാതാവ് അടക്കമുള്ളവർ എത്തുന്നുണ്ടെന്നും പരിചയപ്പെടണമെന്നും പറഞ്ഞ് വിളി വന്നു. സംവിധായകനെ കണ്ടു. ആദ്യമായിട്ടാണ് ഞാൻ അയാളെ കാണുന്നത്. ഡ്രോയിംഗ് റൂമിലാണ് എത്തിയത്. അവിടെ മുഴുവൻ അപരിചിതരായിരുന്നു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് സംവിധായകൻ മുന്നോട്ടുനടന്നു. ഞാൻ അയാളെ പിന്തുടർന്നു. ഇരുണ്ട ബെഡ്‌റൂമിന്റെ ബാൽക്കെണിയിലേക്കാണ് അദ്ദേഹം പോയത്. അവിടെയെത്തിയപ്പോൾ സംവിധായകൻ എന്റെ വളകളിൽ തൊടാൻ തുടങ്ങി.എന്റെ വളകൾ കണ്ട കൗതുകം കൊണ്ടാകാമെന്നാണ് ആദ്യം ഞാൻ കരുതിയത്.
ഞാൻ എന്നോട് തന്നെ ശാന്തമായിരിക്കാൻ പറഞ്ഞു. ഇതെവിടെ വരെ പോകുമെന്ന് അറിയണമല്ലോ. എന്നാൽ ഞാൻ പ്രതികരിക്കാതിരുന്നതോടെ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. എന്റെ കഴുത്തുവരെ സ്പർശനമെത്തി. ഇതോടെ ഞാൻ ആ മുറിയിൽ നിന്നിറങ്ങി. പെട്ടെന്ന് ഹോട്ടലിലേക്ക് പോയി. ആ രാത്രി നേരിട്ട അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ ആ മുറിയുടെ മാസ്റ്റർ കീ ആരെങ്കിലും കൈവശപ്പെടുത്തിയോ അല്ലെങ്കിൽ ആരെങ്കിലും വാതിൽ മുട്ടുമോയെന്നൊക്കെ പേടിച്ചു. എന്നെ സിനിമയിലേക്ക് വിളിച്ചയാളെ തിരിച്ചുവിളിച്ച്, റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. ഒടുവിൽ സ്വന്തം ചെലവിൽ മടങ്ങേണ്ടി വന്നു. അതിന് ശേഷം മലയാളത്തിൽ അഭിനയിക്കാൻ വരികയോ കേരളത്തിലേക്ക് എത്തുകയോ ചെയ്തിട്ടില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
Discussion about this post