എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് താരസംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ. തൊഴിലിടത്ത് വച്ച് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ച ഒരാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരുന്നു. ആ മറുപടിയിൽ തന്നെ വിഷയം അവസാനിപ്പിച്ചു. പിന്നീട് പരാതിപ്പെടാൻ പോയിട്ടില്ല എന്നും അൻസിബ കൂട്ടിച്ചേര്‍ത്തു.
വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും അൻസിബ വ്യക്തമാക്കി. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നില്‍ക്കും. തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണം. കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും ശക്തമായ നടപടിയെടുക്കണം. ഇരയുടെ കൂടെ നിൽക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളു എന്നും നടി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി പുറത്ത് വന്നതോടെ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത തുടരുകയാണ്. സംഘടനക്ക് ഉള്ളില്‍ ഭിന്നതകള്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞിരുന്നെങ്കിലും നടനും ‘അമ്മ’ വൈസ് പ്രസിഡന്‍റും ജഗദീഷ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിദ്ദിഖിന്റെ നിലപാടിനെ തള്ളി രംഗത്ത് വന്നിരുന്നു. ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് അമ്മയിലെ കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന.
Discussion about this post