കൊച്ചി: ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ പലതരത്തിലുള്ള ചർച്ചകളാണ് ഉണ്ടായിരിക്കുന്നത്. പലരും ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തുകയും പല മുൻനിരതാരങ്ങളും ആരോപണങ്ങൾ തള്ളുകയും ചെയ്തു. കാസ്റ്റിങ് കൗച്ച് അടക്കമുള്ളവ എല്ലാ മേഖലയിലും നടക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെടുത്തി ഓർമ്മിപ്പിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ അൻവർ പാലേരി.
താൻ സംവിധാനം ചെയ്യാനിരുന്ന പരസ്യചിത്രവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. തന്റെ നിലപാട് മുതലാളിയുടെ താത്പര്യത്തിന് വിരുദ്ധമായതിനാൽ 25 ലക്ഷം രൂപയുടെ കരാർ പരസ്യം നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.
ഏഷ്യാനെറ്റിലും കൈരളിയിലുമായി കുറേകാലം ദുബായിൽ ജോലി ചെയ്ത ശേഷം ഒരു ഇടവേളയുണ്ടായിരുന്നു.ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അക്കാലത്ത് ചില ഡോക്യുമെന്ററികൾ ചെയ്തു.കൊച്ചിയിൽ ഒരു പരസ്യക്കമ്പനി തുടങ്ങി.ആദ്യത്തെ പരസ്യസിനിമയിൽ എന്റെ കാമറാമാൻ പിന്നീട് നിരവധി മലയാള സിനിമകൾ ചെയ്ത സമീർ താഹിർ.ഒരു പയ്യന്റെ റോൾ ചെയ്യാൻ കിട്ടിയത് ബെസ്റ്റ് ആക്ടർ സിനിമയിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മാസ്റ്റർ വിവാസ്.ഒരു കൈക്കുഞ്ഞിനെ ആവശ്യമായി വന്നപ്പോൾ നടി ഷംനാ കാസിമിന്റെ അനുജത്തിയുടെ കുഞ്ഞിനെ കിട്ടി. മോഡലായ പെൺകുട്ടി ബംഗളുരുവിൽ നിന്ന് എത്തി.പരസ്യസിനിമകൾ ചെയ്യുമ്പോൾ പലപ്പോഴും നമ്മുടെ കൺസെപ്റ്റുകൾ അംഗീകരിക്കപ്പെടണമെന്നില്ല.മുതലാളിയുടെ ഇഷ്ടങ്ങളും കൈകടത്തലുകളും ധാരാളമുണ്ടാവും.ആദ്യ പരസ്യ സിനിമയിൽ ഒരു മോശം അനുഭവവും ഉണ്ടാകാതിരുന്നത് പരസ്യം ചെയ്യാൻ എന്നെ ഏൽപിച്ച കമ്പനി ഉടമകൾ അത്രയ്ക്ക് മാന്യന്മാരായത് കൊണ്ട് മാത്രമാണ്. അങ്ങനെ ആ പരസ്യസിനിമ ചിത്രാഞ്ജലിയിൽ മറ്റൊരു സിനിമയുടെ സെറ്റിൽ ചില അഡ്ജസ്റ്റ്‌മെന്റുകൾ നടത്തി ചിത്രീകരിച്ചു.കേരളത്തിലെ കുറെ തിയേറ്ററുകളിൽ അന്ന് പരസ്യം നല്ല നിലയിൽ പ്രദർശിപ്പിച്ചിരുന്നു.
തുടർന്ന് കൊച്ചിയിൽ നിന്ന് വലിയൊരു ഓഫർ തേടിയെത്തി.ഒരു വലിയ ജൗളിക്കടയുടെ പരസ്യം.അന്നത്തെ 25 ലക്ഷം രൂപയായിരുന്നു ബഡ്ജറ്റ്.മോഡലിനെ തപ്പിയെടുത്തു.ഫോട്ടോ ‘മുതലാളിക്ക്’ കാണിച്ചു.എല്ലാം ശരിയാകുമെന്നും ഈ പ്രൊജക്റ്റിലൂടെ എന്റെ സാമ്പത്തികം കൂടി രക്ഷപ്പെടുമെന്നുമായിരുന്നു പ്രതീക്ഷ.
ഷൂട്ടിന് ഒരു മാസം മുമ്പ് മുതലാളിയുടെ മാനേജരുടെ ഫോൺ കോൾ –
‘നമ്മുടെ മോഡൽ എപ്പോൾ കൊച്ചിയിൽ എത്തും…?’
വിനീതവിധേയനായ എന്റെ മറുപടി : ഷൂട്ടിന്റെ തലേ ദിവസം വൈകീട്ട്.ഷൂട്ട് കഴിഞ്ഞു അന്ന് രാത്രി തിരിച്ചു പോകും …’
മാനേജർ കലിപ്പനായി.
‘അത് പറ്റില്ല.അവർ രണ്ടു ദിവസം കൂടി നിൽക്കണം.ബോസും ഹോട്ടലിൽ ഉണ്ടാവും.നിങ്ങൾ അവരോട് പറഞ്ഞില്ലേ……’
ഞാൻ സദാചാരത്തിന്റെ അപ്പോസ്തലനും സ്വർഗ്ഗസ്ഥനാവാൻ ടിക്കെറ്റെടുത്ത് കാത്തിരിക്കുന്ന ആളൊന്നുമല്ലെങ്കിലും മറുപടി പറയാതിരിക്കാൻ പറ്റില്ലല്ലോ. കൂട്ടിക്കൊടുപ്പ് എന്റെ പണിയല്ലല്ലോ സാറേ,അവർ ഇവിടെ വന്നതിന് ശേഷം അവരോട് നേരിട്ട് സംസാരിച്ചു നോക്കൂ.അതൊന്നും എന്റെ പണിയല്ല എന്ന് പറഞ്ഞതോടെ അയാൾ ഫോൺ കട്ട് ചെയ്തു.
‘പാക്കേജ്’ എന്ന പദം അഭിനയത്തോടൊപ്പം കിടപ്പറ പങ്കിടാനുള്ള സമ്മതപത്രമാണെന്ന് അന്നാണ് ഞാൻ അറിഞ്ഞത്.ഇത് പാക്കേജെല്ല.ചെയ്യുന്ന ജോലിക്ക് പണവും നൽകി അവരെ പറഞ്ഞു വിടുന്ന ഏർപ്പാടാണെന്ന് ഞാൻ.
ചുരുക്കിപ്പറഞ്ഞാൽ ആ പരസ്യചിത്രം സ്വാഹാ.ഞാൻ പറഞ്ഞ ബഡ്ജറ്റിന്റെ ഇരട്ടിത്തുകയിൽ മറ്റൊരു മിടുക്കൻ ആ പ്രോജക്റ്റ് പൂർത്തിയാക്കി. കൊച്ചിയിൽ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ഇതൊക്കെ വേണമെന്ന തോന്നലിലാണ് ആ പ്രസ്ഥാനം കട്ടപ്പുകയായത്.
നഷ്ടം..കടം എന്നിവ മിച്ചം.
അക്കാലത്ത് ഗൾഫിൽ നിന്നും പഞ്ചാരപ്പൈങ്കിളികളായ ചില മൊഞ്ചന്മാർ നാട്ടിൽ പറന്നിറങ്ങും.ആൽബം പിടിക്കണം.നായകനും നിർമാതാവുമൊക്കെ ഈ ‘ചുഞ്ചര’നായിരിക്കും.ഉദ്ദേശം പെണ്ണുപിടി തന്നെ.രണ്ടുമൂന്നു പേർ എന്നെയും അക്കാലത്ത് വിളിച്ചിരുന്നു.ഞാൻ ആൽബങ്ങൾ ചെയ്യാറില്ല എന്ന ഒറ്റവാക്കിൽ തീർന്നു.ഇനിയുമുണ്ട് ഏറെക്കുറെ അനുഭവങ്ങൾ.
(ഈ മനസ്ഥിതിയുമായി പോയാൽ സാമ്പത്തികമായി രക്ഷപ്പെട്ടില്ലെന്ന് ഉപദേശിച്ച പഹയന്മാർക്കെല്ലാം കരിനാക്കാണ്)
Discussion about this post