എറണാകുളം: സിനിമയിലെ സൂപ്പർ സ്റ്റാറിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്ന് നടി സോണിയ മൽഹാർ. സ്വകാര്യ മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. അഡ്ജസ്റ്റ്‌മെന്റുകൾക്ക് വഴങ്ങി കൊടുക്കാത്തതിന്റെ പേരിൽ പല സിനിമകളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
2013 ലായിരുന്നു താൻ വളരെയേറെ ആരാധിച്ചിരുന്ന നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. തൊടുപുഴയിൽ ആയിരുന്നു ഷൂട്ടിംഗ്. തനിക്ക് ആ സിനിമയിൽ ഓഫീസ് സ്റ്റാഫിന്റെ വേഷം ആയിരുന്നു. മേക്കപ്പ് ഇട്ട ശേഷം താൻ ശുചിമുറിയിലേക്ക് പോയി. ഇവിടെ നിന്നും തിരിച്ചുവരുമ്പോൾ ആയിരുന്നു മോശം അനുഭവം ഉണ്ടായത്.
തിരികെ വരുന്നതിനിടെ നടൻ തന്നെ കയറി പിടിച്ചു. ഭയന്ന താൻ അദ്ദേഹത്തെ തള്ളിമാറ്റി. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ കണ്ണും ഡ്രസുമെല്ലാം ആക്ടീവ് ആണ് എന്നായിരുന്നു ഇതിന് തനിക്ക് ലഭിച്ച മറുപടി. ആദ്യമായിട്ടാണ് താൻ അയാളെ നേരിട്ട് കാണുന്നത് എന്നും സോണിയ വ്യക്തമാക്കി.
സിനിമയിൽ ഒരുപാട് അവസരം നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ താൻ ഇത് നിഷേധിച്ചു. പിന്നീട് അദ്ദേഹം ക്ഷമ ചോദിച്ചു. ഇന്ന് അദ്ദേഹം വിവാഹം ചെയ്ത് രണ്ട് കുട്ടികളുമായി സുഖമായി ജീവിക്കുകയാണ് എന്നും സോണിയ കൂട്ടിച്ചേർത്തു.
Discussion about this post