കൊച്ചി; മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് വൻ വിജയം നേടിയ ‘പലേരി മാണിക്യം’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ശബ്ദ സാങ്കേതിക മികവോടെ 4കെ അറ്റ്‌മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. മഹാ സുബൈർ, എവി അനൂപ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.2009ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
മമ്മൂട്ടിയ്ക്ക് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കിയിരുന്നു.മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ.കഥ-ടി പി രാജീവൻ.













Discussion about this post