ജന്മാഷ്ടമി പുണ്യത്തിൽ ഭാരതം ; അഷ്ടമിരോഹിണിയിലെ വ്രതാനുഷ്ഠാനങ്ങളും പൂജകളും ചെയ്യേണ്ടത് ഇങ്ങനെ

Published by
Brave India Desk

ഓരോ ഹൈന്ദവനെ സംബന്ധിച്ചും ഭക്തിയുടെ ആനന്ദലഹരി നിറഞ്ഞ ഉത്സവ ദിനമാണ് കൃഷ്ണ ജന്മാഷ്ടമി. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആണ് ഭഗവാൻ കൃഷ്ണൻ ഭൂമിയിൽ അവതാരമെടുത്തത്. ഓരോ വർഷവും ഭക്തർ സന്തോഷം നിറഞ്ഞ ഉത്സവമായി ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. എന്നാൽ കൃഷ്ണ ജന്മാഷ്ടമി ദിനം എങ്ങനെയാണ് വ്രതാനുഷ്ഠാനങ്ങളോടെ ആചരിക്കുന്നത് എന്ന് പുതുതലമുറയിലെ പലർക്കും അറിവില്ലാത്ത കാര്യമാണ്. അഷ്ടമിരോഹിണി ദിനത്തിൽ പാലിക്കേണ്ട ആചാരങ്ങളും വ്രതങ്ങളും എങ്ങനെയാണെന്ന് നോക്കാം,

ജന്മാഷ്ടമി ദിനം ഭഗവാൻ കൃഷ്ണനെ പ്രീതിപ്പെടുത്തുന്ന മന്ത്രോച്ചാരണങ്ങളോടെ തന്നെ തുടങ്ങാം.
ശ്രീകൃഷ്ണ പ്രീതിക്കായി ചൊല്ലേണ്ട വന്ദന ശ്ലോകം :
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതഃ ക്ലേശ നാശായ ഗോവിന്ദായ നമോ നമഃ
വസുദേവ സുതം ദേവം കംസ ചാണൂര മർദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും.

അർഥം : വസുദേവപുത്രനായ കൃഷ്ണൻ, എല്ലാ ദുഃഖങ്ങളും അകറ്റുന്ന പരമാത്മാവ്, ശരണാഗതി പ്രാപിക്കുന്നവരുടെ എല്ലാ ക്ലേശങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ഗോവിന്ദന് എന്‍റെ വിനീതമായ നമസ്കാരം. വസുദേവന്‍റെ പുത്രനും കംസൻ, ചാണൂരൻ മുതലായ അസുരന്മാരെ നിഗ്രഹിക്കുന്നതും ദേവകിക്ക് പരമാനന്ദം നൽകുന്നതും സന്പൂർണ ലോകത്തിന് ഗുരുസ്ഥാനത്തിലും ആയ ശ്രീകൃഷ്ണ ഭഗവാനെ ഞാൻ വന്ദിക്കുന്നു.

ശ്രീകൃഷ്ണ വന്ദന ശ്ലോകത്തോടെ ജന്മാഷ്ടമി ദിനം ആരംഭിക്കുന്നത് ഏറെ ശുഭകരമാകുന്നു. വർഷത്തിലെ മറ്റെല്ലാ ദിവസത്തേക്കാളും ആയിരം മടങ്ങ് പുണ്യകരമാണ് അഷ്ടമിരോഹിണി ദിനത്തിൽ ഉള്ള ശ്രീകൃഷ്ണ ഭജനം. അതിനാൽ തന്നെ ഈ ദിവസം സാധിക്കുന്ന സമയത്ത് എല്ലാം ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന നാമം ജപിക്കുന്നത് പുണ്യകരമാണ്.

അഷ്ടമിരോഹിണി വീട്ടിൽ ശ്രീകൃഷ്ണവിഗ്രഹം പൂജിക്കുമ്പോൾ ചെയ്യേണ്ട ഉപചാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,

ചന്ദനം, അൽപം മഞ്ഞളും കുങ്കുമവും, പുഷ്പങ്ങൾ, തുളസി, ചന്ദനത്തിരി, നെയ്യ് വിളക്ക്, നൈവേദ്യം (അവലും പാലും അല്ലെങ്കിൽ അവലും ശർക്കരയും അല്ലെങ്കിൽ വെണ്ണ) ഇവയാണ് വിഗ്രഹത്തെ പൂജിക്കാനായി തയ്യാറാക്കേണ്ടത്.

ഉപചാരങ്ങൾ അർപ്പിക്കുന്ന വിധം

പൂജയ്ക്കു മുമ്പ് ഉപാസകൻ നടുവിരൽ കൊണ്ട് സ്വന്തം നെറ്റിയിൽ ചന്ദനത്തിന്‍റെ ഗോപി തിലകം തൊടുക. ശ്രീകൃഷ്ണന്‍റെ ഫോട്ടോ അല്ലെങ്കിൽ വിഗ്രഹത്തിന് ഗോപീചന്ദനം കൊണ്ട് തിലകം ചാർത്തുക. ഭഗവാന് മോതിര വിരൽ കൊണ്ട് വേണം തൊടീക്കാൻ. അതിനുശേഷം ഭഗവാന് പൂക്കളും തുളസിയിലയും അർപ്പിക്കുക.
അതിനുശേഷം പെരുവിരലും മോതിരവിരലും കൊണ്ട് മഞ്ഞളും കുങ്കുമവും ഭഗവാന്‍റെ പാദങ്ങളിൽ അർപ്പിക്കുക.
അതിനുശേഷം ചന്ദനത്തിരി കത്തിച്ച് അതുകൊണ്ട് മൂന്നു തവണ ഉഴിയുക. അതുപോലെ നെയ്യ് വിളക്ക് കത്തിച്ച് അതും മൂന്നു തവണ ഉഴിയുക. ഭഗവാന് തുളസിയില കൊണ്ട് നൈവേദ്യം സമർപ്പിക്കുക. പൂജയ്ക്കു ശേഷം കുറച്ചു നേരം ഓം നമോ ഭഗവതേ വാസുദേവായ എന്ന നാമം ജപിക്കുക.

ശ്രീകൃഷ്ണൻ തന്റെ ഭക്തരിൽ നിന്നും ആഗ്രഹിക്കുന്നത് യഥാർത്ഥ ഭക്തി മാത്രമാണ്. തന്നെ നേരിട്ട് വിഗ്രഹങ്ങളിലോ മറ്റോ പൂജ ചെയ്യാൻ കഴിയാത്തവർ ആണെങ്കിൽ മാനസ പൂജ ചെയ്താൽ പോലും ഭഗവാൻ അത് സ്വീകരിക്കുന്നതാണ്. മനസ്സിൽ നിറഞ്ഞ ഭക്തിയോടെ ഭഗവാനെ സ്മരിച്ച് പൂക്കളും നൈവേദ്യവും അർപ്പിക്കുന്നതായി സങ്കൽപ്പിച്ച് ശ്രീകൃഷ്ണ നാമം ജപിക്കുന്നത് തന്നെ ഭഗവാന് പ്രീതികരമാണ്. അതിനാൽ തന്നെ നിങ്ങൾ ലോകത്തിന്റെ ഏതു മൂലയിൽ ആയാലും, അസൗകര്യങ്ങളിൽ ആയാലും കൃഷ്ണ ഭഗവാന് മാനസ പൂജ അർപ്പിക്കാൻ സാധിക്കുന്നതാണ്.

Share
Leave a Comment