കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുകയുകയാണ് മലയാള സിനിമ ലോകം. മോളിവുഡിനെ അടക്കിഭരിക്കുന്ന 15 അംഗ പവർഗ്രൂപ്പ് ആണ് സകല പ്രശ്‌നത്തിനു കാരണമെന്നുവരെ ആരോപണം ഉയർന്നു കഴിഞ്ഞു. മോഹൻലാൽ,മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്ക് വരെ സോഷ്യൽമീഡിയയിലൂടെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു.
മമ്മൂട്ടിയേയും മോഹൻലാലിനെയും ചേർത്ത് ഭരിക്കുന്ന ലോബിയുടെ തലപ്പത്ത് നടൻ ദിലീപ് ആണോ? പ്രതിസന്ധിയിലാണ്ട് കിടന്ന മലയാള സിനിമയെ ട്വന്റി-ട്വന്റി എന്ന സിനിമ നിർമിച്ച് ഉയർത്തെഴുന്നേൽപ്പിച്ചതിൽ ദിലീപ് എന്ന നിർമാതാവിന് വലിയ പങ്കുണ്ട്. ഇതിന് ശേഷമാണ് ദിലീപ് മലയാള സിനിമയെ ഭരിക്കുന്നു എന്ന പ്രചാരണവും ഏറെക്കുറേ ആരംഭിച്ചത്. ജനപ്രിയ നായകൻ എന്ന ലേബലിൽ നിന്ന് മലയാള സിനിമാ ലോകത്തെ ലോബിയുടെ നായകനെന്ന ചെല്ലപ്പേര് ദിലീപിനുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കൽ താരം തന്നെ മറുപടി നൽകിയിരുന്നു.
ദീലീപിന്റെ വാക്കുകൾ..ഞാൻ ക്ലാപ് അടിച്ച് അസിസ്റ്റന്റ് ആയി സിനിമയിൽ വന്നയാളാണ്. അന്ന് മുതൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന രണ്ടുപേരാണ് അവർ. അത് കഴിഞ്ഞ് ജയറാമേട്ടൻ, സുരേഷേട്ടൻ. ഇവരെല്ലാം എന്റെ സീനിയേഴ്‌സ് ആണ്. സുരേഷേട്ടന്റെ കൂടിയേ അഭിനയിക്കാതെയുള്ളൂ. അവരോടു സഹോദര സ്‌നേഹമാണുള്ളത്. അവർക്കിങ്ങോട്ടും അങ്ങനെ തന്നെ. ഞാൻ അത് ദുരുപയോഗം ചെയ്യില്ല. സിനിമയിൽ ആർക്കെന്തു പ്രശ്‌നമുണ്ടെങ്കിലും, ഞാൻ പോയി അവർക്കുവേണ്ടി സംസാരിക്കാറുണ്ട്. വലിയ കൂട്ടത്തിനൊപ്പം ഞാൻ നടക്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ ഒറ്റയ്ക്കേ നടക്കാറുള്ളൂ. ആ എന്റെ കൂടെ എവിടെയാണ് ലോബി? നാദിർഷയ്ക്കൊപ്പം അപൂർവമായാണ് യാത്ര ചെയ്ക. സിനിമയ്ക്ക് വേണ്ടിയേ യാത്ര ചെയ്യാറുള്ളൂ. ഞാൻ സിനിമയുടെ നല്ലതിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തിട്ടുണ്ട്. മമ്മുക്കയേയും ലാലേട്ടനെയും ഭരിക്കുന്നത് ഞാനാണെന്ന് ഒരിടയ്ക്ക് പ്രചരിച്ചു. അത് എനിക്ക് മനസിലായിട്ടില്ലെന്നും ദീലീപ് വ്യക്തമാക്കി.
ഡ്രൈവേഴ്‌സ് യൂണിയനോട് ചോദിച്ചു നോക്കിയാൽ അറിയാം. എനിക്ക് ഈഗോ എന്ന മൂന്നക്ഷരം ഇല്ല. അതില്ലാത്തതുകൊണ്ടായിരുന്നു ട്വന്റി ട്വന്റി എന്ന ചിത്രം എനിക്ക് ചെയ്യാൻ സാധിച്ചത്. അത് സ്‌നേഹം ഉള്ളത് കൊണ്ടാണ്. മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും അറിയാതെ ദിലീപ് ഒന്നും ചെയ്യാൻ പോയിട്ടില്ല. ഞാൻ എന്ത് ചെയ്താലും ഈ പറയുന്ന രണ്ടാൾക്കും അറിയാം. ഇപ്പോഴും എന്ത് കാര്യവും അവരോടു വിളിച്ചു സംസാരിച്ചേ ചെയ്യൂ. തിയേറ്റർ അസോസിയേഷന്റെ ചെയർമാനും പ്രസിഡന്റും ആവാൻ കാരണം മറ്റുള്ളവരാണ്. വ്യക്തിപരമായ കാര്യങ്ങൾ പോലും മാറ്റി വച്ചാണ് ഒരു പൈസയുടെ പോലും ലാഭമില്ലാതെ ഇതിനൊക്കെ വേണ്ടി പോകുന്നതെന്ന് താരം പറയുന്നു.
Discussion about this post