ടോക്യോ: ജപ്പാനിൽ അരിക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. സൂപ്പർ മാർക്കറ്റുകളിൽ ജപ്പാൻകാരുടെ ഇഷ്ട വിഭവമായ അരി കിട്ടാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. തുടർച്ചയായി രാജ്യത്ത് ഉണ്ടായ പ്രകൃതിക്ഷോഭങ്ങളാണ് അരിയുടെ ലഭ്യത കുറച്ചത്.
കഴിഞ്ഞ ഒരു മാസമായിട്ടാണ് അരിയ്ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നത്. അരി കിട്ടാനില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ആളുകൾ വ്യാപകമായി അരി വാങ്ങി വീടുകളിൽ സംഭരിക്കാൻ ആരംഭിച്ചു. ഇതാണ് ക്ഷാമം ഇരട്ടിയാക്കിയത്. ഇതോടെ പരിഭ്രാന്തരായി വീടുകളിൽ അരി സംഭരിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. വീടുകളിൽ അരിയുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്നും സർക്കാർ ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസം ആദ്യം വലിയ ചുഴലിക്കാറ്റുകളും ഭൂകമ്പങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ അരികൾ വാങ്ങി ശേഖരിക്കാൻ ആരംഭിച്ചത്. അരിയുടെ വിലയും ഉയർന്നിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് നെൽകൃഷി വ്യാപകമായി നശിച്ചതാണ് അരിയുടെ ക്ഷാമത്തിലേക്ക് നയിച്ചത്. ഇതിന് പുറമേ ആഭ്യന്തര ഉത്പാദനം കുറഞ്ഞതും പ്രതിസന്ധിയ്ക്ക് കാരണം ആയി.
ആവശ്യക്കാർ വർദ്ധിച്ചതോടെ കടകളിൽ അരി പെട്ടെന്ന് തീരുന്ന സാഹചര്യമാണെന്ന് കച്ചവടക്കാർ പറയുന്നു. പതിവിലും ഇരട്ടിയായിട്ടാണ് അരി കടകളിൽ എത്തിക്കുന്നത്. എന്നാൽ ഉച്ചയോടെ തന്നെ ഈ സ്‌റ്റോക്ക് മുഴുവൻ തീരുകയാണെന്നും കച്ചവടക്കാർ വ്യക്തമാക്കുന്നു.
Discussion about this post