എറണാകുളം: താര സംഘടനയായ അമ്മയുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയില്‍ ഉണ്ടാകുന്ന ലൈംഗിക അതിക്രമ പരാതികളിൽ മാതൃകാപരമായ ശിക്ഷ നടപടികള്‍ ഉണ്ടാകണം. അമ്മയിൽ അംഗത്വമെടുക്കണമെന്ന് ഇതുവരെയും തോന്നിയിട്ടില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം സിനിമ. അംഗത്വം എടുക്കേണ്ട ഒരു സംഘടനയായി അമ്മ തോന്നിയിട്ടില്ല. അംഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നം വന്നാൽ അവർ ഇടപെടുമെന്ന് അവരുടെ പ്രവർത്തനം കണ്ടിട്ട് തോന്നിയിട്ടില്ല. അതുകൊണ്ടാണ് അംഗത്വം ഇതുവരെ എടുക്കാതിരുന്നത്. ഇത് നേരത്തെ തന്നെ നടക്കേണ്ട കാര്യമായിരുന്നു. വലിയൊരു മാറ്റത്തിലേക്ക് ഉള്ള ചുവടുവപ്പാണിത് എന്നും അവര്‍ വ്യക്തമാക്കി.
കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം. താൻ തന്റെ മൂന്നാമത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആണ് നടി ആക്രമിക്കപ്പെട്ടതും അതിനോട് ചേര്‍ന്നുള്ള സംഭവങ്ങൾ നടക്കുന്നതും. അന്ന് മുതൽ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. സിനിമ മേഖലയോട് കമ്മിറ്റ്മെൻ്റ് ഉള്ളവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും ഐശ്വര്യ തുറന്നടിച്ചു.
Discussion about this post