ഫ്‌ളോറിഡ; ലോകത്ത ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഈ മാസം 30ാം തീയതിയിലേക്കാണ് യാത്ര മാറ്റിവച്ചിരിക്കുന്നത്.സ്‌പേസ് എക്‌സിൻറെ ഡ്രാഗൺ പേടകത്തിലാണ് നാല് സഞ്ചാരികളുടെ ബഹിരാകാശ യാത്ര. സ്‌പേസ് എക്‌സിൻറെ തന്നെ ഫാൽക്കൺ 9 ആണ് വിക്ഷേപണ വാഹനം. അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാനാണ് ദൗത്യ സംഘത്തലവൻ. മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്‌കോട്ട് പൊട്ടീറ്റ്, സ്‌പേസ് എക്‌സിലെ എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് ബഹിരാകാശ യാത്രയിലെ മറ്റ് അംഗങ്ങൾ. ജാറെഡും സാറാ ഗിലിസുമാണ് പ്രത്യേക ബഹിരാകാശ വസ്ത്രം ധരിച്ച് പേടകത്തിന് പുറത്തിറങ്ങുക. ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ദൂരത്തിൽ വച്ചായിരിക്കും ബഹിരാകാശ നടത്തം. അഞ്ച് ദിവസം ഇവർ ബഹിരാകാശത്ത് ചെലവഴിക്കും. വളരെ അപകടം പിടിച്ച ബഹിരാകാശ ദൗത്യമാണിത്.
ചരിത്ര ദൗത്യത്തിന് യാത്രതിരിക്കുന്നവരിൽ ഒരു ‘മലയാളി മരുമകൾ’ ഉണ്ടാകും എന്നതാണ് ഒരു കൗതുകം. സ്‌പേസ് എക്‌സ് എൻജിനീയറായ അന്ന മേനോൻ ആണ് ആ മലയാളി മരുമകൾ.ഈ ദൗത്യസംഘത്തിലെ ഒരാളാണ് മലയാളിയായ ഡോക്ടർ അനിൽ മേനോന്റെ ഭാര്യ അന്ന മേനോൻ. മിനസോട്ടയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അനിൽ മേനോൻ യുഎസ് എയർഫോഴ്‌സിൽ ലെഫ്. കേണലാണ്. നാസയുടെ ഭാവി ബഹിരാകാശ യാത്രികരിൽ ഒരാളുമാണ്.
ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കുന്ന എയർ ക്രാഫ്റ്റുകളിൽ സുരക്ഷയെ സംബന്ധിച്ച മുഴുവൻ പ്രവർത്തനങ്ങളും അന്നയുടെ ചുമതലയാണ്. ഡെമോ-2, ക്രൂ-1 , CRS-22 and CRS-23, തുടങ്ങിയ ഒന്നിലധികം കാർഗോ ആൻഡ് ക്രൂ ഡ്രാഗൺ ദൗത്യങ്ങളിൽ അന്ന സേവനമനുഷ്ടിച്ചിട്ടുണ്ട്.
Discussion about this post