പ്രളയത്തിന്റെ അനന്തരഫലമായി കടലിലേക്ക് ഒഴുകിയെത്തി തുറമുഖതീരത്ത് ചത്തടിയുന്നത് ലക്ഷക്കണക്കിന് മത്സ്യങ്ങൾ. ഗ്രീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വോളോസിലാണ് സംഭവം. രാജ്യത്ത് മുൻപുണ്ടായ പ്രളയത്തിന്റെ അനന്തരഫലമാണ് മത്സ്യങ്ങളുടെ കൂട്ടക്കുരുതിയ്ക്ക് കാരണം.വെള്ളപ്പൊക്കത്തിൽ പ്രധാന ശുദ്ധ ജല തടാകങ്ങളും നദികളും ബാധിക്കപ്പെട്ടിരുന്നു. ഇവയിൽ നിന്ന് വലിയ രീതിയിൽ കടലിലേക്ക് എത്തിയ മീനുകളാണ് ഇപ്പോൾ വലിയ രീതിയിൽ തീരത്തേക്ക് ചത്ത് അടിയുന്നത്. വോളോസ് തുറമുഖവും പരിസരത്തും ചത്ത് അടിഞ്ഞ മീനുകളിൽ നിന്നുണ്ടാവുന്ന ദുർഗന്ധത്തിൽ മുങ്ങിയ നിലയിലാണുള്ളത്.
മീനുകൾ ചത്തടിഞ്ഞ് കടപ്പുറമാകെ വൃത്തികേടായി മാറി, സമീപത്തെ ഭക്ഷണ ശാലകളിൽ അടക്കം ദുർഗന്ധമെത്തിയതോടെ സാധിക്കുന്ന രീതിയിൽ മത്സ്യങ്ങളെ കോരിമാറ്റി മേഖല വൃത്തിയാക്കാനുള്ള ശ്രമങ്ങളിൽ നാട്ടുകാരും ഭാഗമാകുന്നുണ്ട്. കിലോമീറ്ററുകളോളും നീളത്തിലാണ് ലക്ഷക്കണക്കിന് ചെറുമീനുകൾ ചത്ത് അടിയുന്നത്. ഇന്നലെ വലിയ ട്രോളിംഗ് ബോട്ടുകളുടെ സഹായത്തോടെ കോരി മാറ്റിയത് 40 ടണ്ണിലേറെ ചത്ത മത്സ്യങ്ങളാണ്.
വലിയ രീതിയിലാണ് ശുദ്ധ ജല മത്സ്യങ്ങൾ ഉപ്പുവെള്ളത്തിലേക്ക് ഒഴുകിയെത്തിയതെന്ന് നഗരസഭ വിശദമാക്കുന്നു. ചീഞ്ഞ് അടിയുന്ന മത്സ്യങ്ങൾ കടലിലെ മത്സ്യ സമ്പത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് വിമർശനമുണ്ട്.
Discussion about this post