തിരുവനന്തപുരം: വയനാടിനായി സാന്ത്വന ഗാനം ആലപിച്ച് കെ.ജെ യേശുദാസ്. സഹജാതരില്ലാതെ ഒരു പുലർവേള എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
കേരളമേ പോരൂ… വയനാടിനായി ലോകമേ ഒന്നിയ്ക്കാം” എന്ന സന്ദേശം പകരുന്നതാണ് ഈ ഗാനം. വയനാട്ടിൽ ഉണ്ടായ ദുരന്തവും തുടർന്ന് നടന്ന രക്ഷാപ്രവർത്തനങ്ങളും ആണ് ഗാനത്തിന്റെ ദൃശ്യങ്ങളായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. വയനാടിന്റെ നൊമ്പരവും പുനർനിർമാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ് ഗാനം. വയനാടിന്റെ കണ്ണീരൊപ്പാനും പുന:രധിവാസത്തിനും നമുക്ക് ഒന്നായി നിൽക്കാമെന്ന് ഗാനത്തിന് മുന്നോടിയായി യേശുദാസ് പറയുന്നുണ്ട്.
ഗാനത്തിന്റെ ലിങ്ക് നടൻ മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. വയനാടിന്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിന്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്‌നേഹഗാനമാണ് ഇതെന്ന് മോഹൻലാൽ പറഞ്ഞു. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം, വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം. രമേശ് നാരായണന്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post