തിരുവനന്തപുരം: രക്തസമ്മർദ്ദത്തെ തുടർന്ന് വിശ്രമത്തിലായ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ സന്ദർശിച്ച് സിപിഐ,സിപിഎം സംസ്ഥാന സെക്രട്ടറിമാർ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ്റെ വീട്ടിൽ ഇന്നെത്തിയത്. സിപിഐ നേതാക്കൾ വസതിയിലെത്തി സന്ദർശിച്ച വിവരം ജി സുധാകരൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചതിന് മണിക്കൂറുകൾക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയും വസതിയിലെത്തി സന്ദർശിച്ച വിവരം ജി സുധാകരൻ വ്യക്തമാക്കുകയായിരുന്നു.
ലോക്‌സഭാ തോൽവിയ്ക്ക് പിന്നാലെ ജി സുധാകരന്ഡ പാർട്ടിയ്ക്ക് മേലുള്ള വിമർശനം കടുപ്പിച്ചിരുന്നു.സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാർട്ടി വളരുന്നതെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാൽ പാർട്ടി ഉണ്ടാകുമോ?. അങ്ങനെ പാർട്ടി വളരുമെന്ന് ചിലർ കരുതുകയാണ്, തെറ്റാണത്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാർട്ടിക്ക് വെളിയിലുള്ളവർ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കിൽ നിയമസഭയിലേക്ക് എങ്ങനെ ജയിക്കുമെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാൻ പറ്റുമോ? കണ്ണൂരിൽ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയിൽ എങ്ങുമില്ല. മറ്റുള്ളവർക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎൽഎ പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആൾക്കാർക്ക് ഓർമയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. പഴയത് കേൾക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും’- ജി സുധാകരൻ പറഞ്ഞു.
Discussion about this post