തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗികാരോപണങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ എംപി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകണം എങ്കിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണം. ആരോപണ വിധേയർ രാജിവച്ചത് ധാർമ്മിക ഉത്തരവാദിത്തം ഉള്ളതുകൊണ്ട് മാത്രമല്ലെന്നും ശശി തരൂർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള ആദ്യ പ്രതികരണം ആയിരുന്നു അദ്ദേഹത്തിന്റേത്.
മലയാള സിനിമയിൽ ഇപ്പോൾ പുറത്തുവന്ന ലൈംഗികാരോപണത്തിൽ താൻ നിരാശനാണ്. നിലവിലെ മീ ടു ക്യാമ്പെയ്‌നിന് നേതൃത്വം നൽകുന്നത് കേരളം ആണ് എന്നതിൽ അഭിമാനം ഉണ്ട്. ധാർമ്മിക ഉത്തരവാദിത്തം കൊണ്ട് മാത്രമല്ല ആരോപണ വിധേയർ രാജിവച്ചത്. മറിച്ച് ഇത്തരത്തിൽ എല്ലാം സംഭവിക്കാൻ അനുവദിച്ച സംവിധാനത്തിന്റെ മേൽനോട്ടം അവർക്കായിരുന്നു.
മലയാള സിനിമയിൽ മാത്രമല്ല അന്യഭാഷാ സിനിമകളിലും സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുണ്ട്. മറ്റ് വ്യവസായങ്ങളിലും സമാന സാഹചര്യമാണ് ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം അഞ്ച് വർഷക്കാലമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചത്. അത് വലിയ തെറ്റാണ്. സിനിമാ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വേണം. ശുചിമുറികളും വിശ്രമ മുറികളും വേണമെന്നും തരൂർ കൂട്ടിച്ചേർത്തു.
Discussion about this post