ചെന്നൈ: മലയാള സിനിമാ ലൊക്കേഷനിൽ വച്ചുണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടി രാധിക ശരത് കുമാർ. കാരവനുള്ളിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയതായി രാധിക പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഒരിക്കൽ മലയാള സിനിമയുടെ ലൊക്കേഷനിൽവച്ച് ഒരു കൂട്ടം പുരുഷന്മാർ മൊബൈലിൽ വീഡിയോ കാണുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്താണ് അവർ കാണുന്നത് എന്നും ചിരിക്കുന്നത് എന്നും ഞാൻ മറ്റൊരു അണിയറ പ്രവർത്തകനോട് ചോദിച്ചു. നടിമാരുടെ വീഡിയോകൾ ആണ് കാണുന്നത് എന്നായിരുന്നു തനിക്ക് ലഭിച്ച മറുപടി. നടിമാരുടെ പേര് മൊബൈലിൽ അടിച്ച് കൊടുത്താൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ലഭിക്കുമെന്നും അയാൾ പറഞ്ഞു.
ആരോ കാരവനിൽ ഒളിക്യാമറ വച്ച് വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി. ഈ വീഡിയോ ആയിരുന്നു അവർ കണ്ടുകൊണ്ടികുന്നത്. ഞാനും ഇത് കണ്ടു.
ഇതിന് ശേഷം കാരവനിൽ പോകാൻ ഭയമായിരുന്നു. കാരവൻ നമ്മുടെ പ്രൈവറ്റ് സ്‌പേസ് ആണ്. ഞാൻ പ്രശ്‌നം ഉണ്ടാക്കി. കാരവനിൽ ക്യാമറ ഉണ്ടെങ്കിൽ ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ വേണ്ട മുറി മതി എന്ന് പറഞ്ഞു. ആ നടിയുടെയും സിനിമയുടെയും പേര പറഞ്ഞാൽ മലർന്ന് കിടന്ന് തുപ്പുന്നത് പോലെ ആകും. അതുകൊണ്ട് മാത്രം പേര് പറയുന്നില്ല എന്നും രാധിക വ്യക്തമാക്കി.
മലയാള സിനിമയിലെ ചൂഷണങ്ങൾ പുറത്തുവരാൻ വൈകി. ഇത് എന്തുകൊണ്ടാണ് എന്നത് അതിശയിപ്പിക്കുന്നു. ഞാൻ 46 വർഷമായി സിനിമാ മേഖലയിൽ ഉണ്ട്. മോശം അനുഭവം ഉണ്ടായിട്ടുണ്ട്. നടിമാരുടെ കതകിൽ മുട്ടുന്ന സംഭവങ്ങൾ നിരവധി തവണ കണ്ടിട്ടുണ്ട്. പല നടിമാരും സഹായത്തിനായി തന്റെ അടുത്തേക്കാണ് ഓടിവരാറ് എന്നും രാധിക പറയുന്നു.
Discussion about this post