തിരുവനന്തപുരം: യുവാവിന്റെ നഗ്ന ചിത്രം സംവിധായകൻ അയച്ചുകൊടുത്തെന്ന ആരോപണത്തിനെതിരെ പ്രതികരിച്ച് നടി രേവതി. ഒരാളെ സമൂഹത്തിന് മുമ്പിൽ നാണം കെടുത്താൻ വേണ്ടിയുള്ളതാവരുത് വെളിപ്പെടുത്തലുകളെന്ന് രേവതി പറഞ്ഞു. ഈഗോ മാറ്റി വച്ച് ചർച്ചകൾക്ക് തയ്യാറാകണം. തൊഴിലിടത്തിലെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനുള്ള പോരാട്ടമാണ് ഇപ്പോൾ നടത്തുന്നതെന്നും രേവതി കൂട്ടിച്ചേർത്തു.
വെറും മീ ടു ആരോപണങ്ങളല്ല, ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനപ്പുറത്തേക്ക് ഇക്കാര്യങ്ങൾ എല്ലാം വളർന്ന് കഴിഞ്ഞു. ഇതിൽ തന്നെ ഇവയൊന്നും ഒതുങ്ങാതിരിക്കാനാണ് തങ്ങളുടെ ശ്രമം. സുരക്ഷിതമായ ഇടം എന്നതിനോടൊപ്പം തുല്യവേതനം കൂടി ലഭിക്കുന്ന ഒരു തൊഴിലിടമാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പകുതി ഭാഗവും ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ആണ്. എന്നാൽ, ബാക്കി പകുതി മലയാളം സിനിമാ ഇൻഡസ്ട്രിയിലെ മറ്റ് പ്രശ്‌നങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് പോല തന്നെ പ്രധാനമാണ് ഇത്തരം കാര്യങ്ങളും എന്നും രേവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, നിരവധി പേരാണ് വെളിപ്പെടുത്തലുകളുമകയി മുന്നോട്ട് വന്നിരിക്കുന്നത്. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ട്. മറ്റുള്ളവരെ സമൂഹത്തിന് മുമ്പിൽ നാണം കെടുത്താനുള്ള വെറും തമാശക്കളിയാവരുത് ഇത്. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും രേവതി വ്യക്തമാക്കി.
Discussion about this post