സ്ത്രീകളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് സ്തനാർബുദം. തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് ഈ രോഗത്തെ ഇത്രയേറെ ഭീതിജനകമാക്കുന്നത്. ഇന്ത്യയിലെ മാത്രം കാര്യമെടുത്താൽ സ്തനാർബുദത്തിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിൽ എത്തുമ്പോഴാണ് പലരും തിരിച്ചറിയുന്നതും ചികിത്സ തേടുന്നതും.വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാൽ എൺപതു മുതൽ തൊണ്ണൂറു ശതമാനം ആളുകളിലും പൂർണമായും ഭേദമാക്കാനാവുന്ന രോഗമാണിത്. സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറാണു സ്തനാർബുദം. തുടക്കത്തിൽ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ രോഗിയുടെ ജീവൻ സുരക്ഷിതമാക്കാൻ കഴിയുംലോകത്താകമാനം നോക്കിയാൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്ന കാൻസർ സ്തനത്തെ ബാധിക്കുന്നതാണ്. ഇന്ത്യയിൽ മുമ്പ് ഗർഭാശയഗള കാൻസർ ആയിരുന്നു കൂടുതൽ. എന്നാൽ ഇന്ന് അത് സ്തനാർബുദമായി മാറിക്കഴിഞ്ഞു.പാശ്ചാത്യ രാജ്യങ്ങളിൽ പലതിലും അമ്പതു വയസ്സിനു മേലെ ഉള്ള എല്ലാ സ്ത്രീകളും രണ്ടു വർഷത്തിൽ ഒരിക്കൽ മാമോഗ്രാമിന് വിധേയരാകണം എന്ന് ചട്ടങ്ങൾ ഉണ്ട്. ഇത്തരം ചട്ടങ്ങൾ വിവിധ രാജ്യങ്ങളിൽ പലതരത്തിലാണ്. ചില വിദഗ്ധർ നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ഈ പരിശോധന ചെയ്യണം എന്ന് പറയുന്നു.
ഏതാണ്ട് 70 ശതമാനം സ്തനാർബുദവും ഉണ്ടാകുന്നത് ആർത്തവ വിരാമത്തിന് ശേഷമാണ്. ബാക്കി പ്രായക്കാരിൽ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, സ്തനാർബുദം ഉണ്ടാകാനുള്ള കാരണങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ശരീരത്തിൽ സംഭവിച്ച് തുടങ്ങുന്നു എന്നതാണ്. പെൺകുട്ടികൾ ഋതുമതിയാകുന്നതിനും ആദ്യ ഗർഭധാരണത്തിനും ഇടയിലുള്ള കാലം സ്തനവളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതായത് വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽ തന്നെ ശീലിച്ചാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം.
അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ് , സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയകൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.ആരോഗ്യം നിലനിർത്താൻ അവശ്യമായ ബാക്ടീരിയ ശൃംഖലകളിലൂടെ ചികിത്സ നടത്തുന്ന രീതി ഇപ്പോൾ പ്രചാരം നേടുകയാണ്. ഇത്തരം ബാക്ടീരിയകളെ പല ഭക്ഷണ പദാർത്ഥങ്ങളിലും ചേർക്കുന്നത് അംഗീകരിച്ചു കഴിഞ്ഞു.തൈരിലും മോരിലും കാണപ്പെടുന്ന ലാക്ടോബാസിലസ്സ് ആണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. കാൻസർ കോശങ്ങളിലെ ഡിഎൻഎ തകരാർ പരിഹരിക്കാൻ ഈ ബാക്ടീരീയകളുത്പാദിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകൾക്കു കഴിയുമത്രെ. അപ്‌ളൈഡ് ആൻഡ് എൻവയൺമെന്റൽ മൈക്രോബയോളജി ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാതളനാരങ്ങ: കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കെതിരെ പോരാടുന്ന ഘടകങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്നു. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ തടയുന്നതിനും ഗുണം ചെയ്യും.മത്സ്യങ്ങൾ: ഒമേഗ – 3 ഫാറ്റി ആസിഡുകൾ സ്തനാർബുദത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സാൽമൺ, അയല, ട്യൂണ, തുടങ്ങിയ മത്സ്യങ്ങളും മീനെണ്ണകളും ഒമേഗ -3 ന്റെ സമ്പന്നമായ ഉറവിടമാണ്. മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.ഗ്രീൻ ടീ: ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായ ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ കാൻസർ തടയാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ആരോഗ്യകരമായ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.
Discussion about this post