തിരുവനന്തപുരം: നടൻ ദുൽഖർ സൽമാനെക്കുറിച്ച് പിതാവ് തിലകനുള്ളത് വളരെ നല്ല അഭിപ്രായമാണെന്ന് ഷോബി തിലകൻ. അച്ഛന്റെ ഭാഗത്ത് അത്രയും നല്ല അഭിപ്രായം കേൾക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്രയേറെ നല്ലതായി തോന്നിയാൽ മാത്രമാണ് അദ്ദേഹം അത് പറയുക എന്നും ഷോബി തിലകൻ പറഞ്ഞു.
തന്നിലെ നടനെയും ഡബ്ബിംഗ് ആർട്ടിസ്റ്റിനെയും വളർത്തിയെടുക്കാൻ പിതാവിനോടൊപ്പം നടത്തിയിട്ടുള്ള യാത്രകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു മണിക്കൂർ അച്ഛനോട് സംസാരിച്ചാൽ അഞ്ച് സിനിമയ്ക്കുള്ള കഥ ചിലപ്പോൾ കിട്ടുമെന്നും ഷോബി വ്യക്തമാക്കി.
ഒരിക്കൽ ഒരു പരിപാടിക്ക് അച്ഛനോടൊപ്പം പോകുമ്പോൾ ദുൽഖർ സൽമാൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചു. അന്ന് ഉസ്താദ് ഹോട്ടൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയമാണ്. അവൻ കുഴപ്പമില്ല, അവന്റെ പ്രായം വച്ച് നോക്കുമ്പോൾ വളരെ നല്ലതായാണ് ചെയ്യുന്നത് എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു അഭിപ്രായം വരുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്രയും എക്‌സ്ട്രാ ഓർഡിനറി പെർഫോമൻസ് ആണെങ്കിൽ മാത്രമേ ഒരാളുടെ കാര്യത്തിൽ അച്ഛൻ അങ്ങനെയൊരു അഭിപ്രായം പറയൂ. ഉപ്പൂപ്പ എന്ന് ദുൽഖർ വിളിക്കുമ്പോൾ അതിലൊരു ഇന്റിമസി തോന്നും’- ഷോബി തിലകൻ കൂട്ടിച്ചേർത്തു.
Discussion about this post