തിരുവനന്തപുരം: മലയാള സിനിമാ ലൊക്കേഷനുകളിൽ കാരവനുകളിൽ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ തേടി രാധികയുമായി ബന്ധപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് താത്പര്യം ഇല്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരു മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കേ ലൊക്കേഷനിൽ വച്ച് ഒരു സംഘം ആളുകൾ നടിമാർ കാരവനിൽ വസ്ത്രം മാറുന്നതിന്റെ വീഡിയോ മൊബൈൽ ഫോണിൽ കാണുന്നത് കണ്ടു എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചോദിച്ചപ്പോൾ ഒളിക്യാമറ വച്ച് പകർത്തുന്ന ദൃശ്യങ്ങൾ ആണ് ഇതെന്നും, ഏത് നടിമാരുടെ ദൃശ്യങ്ങളും ഇത്തരത്തിൽ മൊബൈലിൽ അന്വേഷിച്ചാൽ ലഭിക്കുമെന്നും ആയിരുന്നു നടിയോട് അണിയറ പ്രവർത്തകരിൽ ഒരാൾ പറഞ്ഞത്. ഇതോടെ കാരവനിൽ കയറാൻ ഭയപ്പെട്ട രാധിക പിന്നീട് ഹോട്ടലിലേക്ക് താമസം മാറുകയായിരുന്നു.
മുൻനിര നടിമാർക്ക് മാത്രമാണ് നിലവിൽ കാരവൻ സൗകര്യം ഉള്ളത്. ഇതോടെയാണ് രാധികയുടെ വെളിപ്പെടുത്തൽ അന്വേഷണത്തിലേക്ക് വഴിവച്ചത്. തൊട്ട് പിന്നാലെ തന്നെ രാധികയെ ബന്ധപ്പെട്ട് അന്വേഷണ സംഘം വിശദാംശങ്ങൾ തേടാനുള്ള ശ്രമങ്ങൾ തുടങ്ങി. നടിയിൽ നിന്നും നേരിട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്. ചിലപ്പോൾ പോലീസ് കേസ് എടുക്കാനും സാദ്ധ്യതയുണ്ട്.
Discussion about this post