കണ്ണൂർ; തളിപ്പറമ്പിൽ 16 കാരിയെ ലഹരിപാനീയം നൽകി മയക്കി ലൈംഗികാതിക്രമം നടത്തിയ കേസിൽ മന്ത്രവാദിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശിയും ബദിരിയ്യ നഗറിൽ താമസക്കാരനുമായ ടിഎം പി ഇബ്രാഹിം(54)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആർ രാജേഷ് ശിക്ഷിച്ചത്. 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2020 സപ്തംബർ ഒൻപതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്നും ബന്ധുവിന്റെ അസുഖം മാറ്റിത്തരാമെന്നും വിശ്വസിപ്പിച്ചാണ് അറബിമന്ത്രവാദിയായ തളിപറമ്പ് ഞാറ്റുവയൽ സ്വദേശിയും ബദിരിയ്യ നഗറിൽ താമസക്കാരനുമായ ഇബ്രാഹിം കുറ്റകൃത്യം നടത്തിയത്.
ഇബ്രാഹിം പെൺകുട്ടിയെ ലഹരി പാനീയം നൽകി മയക്കിയ ശേഷം ക്രൂരമായ ലൈംഗിക അതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്നും നഗ്‌ന ദൃശ്യം മൊബൈലിൽ പകർത്തുകയും പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പരാതി.നിരവധി കുടുംബങ്ങളെയാണ് ഇയാൾ ജിന്നബാധയുണ്ടെന്നു പറഞ്ഞു കബളിപ്പിച്ചത്. മന്ത്രവാദവും വെളളം ജപിച്ചൂതലും നടത്തുന്നതിനായി ഇയാൾ രോഗബാധിതരെന്നു ചൂണ്ടിക്കാണിക്കുന്ന ബന്ധുക്കളിൽ നിന്നും പണംതട്ടുകയാണ് പതിവ്.
Discussion about this post