ഉൽക്കാ വർഷത്തെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉൽക്കാ വർഷത്തിലൂടെയും ഛിന്നഗ്രഹങ്ങൾ വന്നിടിച്ചതിലൂടെയുമാണ് ഭൂമി ഇന്ന് കാണുന്ന ജീവജാലങ്ങൾ കൊണ്ട് സമ്പന്നമായതെന്നാണ് പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത്. ചില ജീവികൾ പാടെ തുടച്ചുമാറ്റപ്പെട്ട് പോയെങ്കിലും എപ്പോഴും പുതുയുഗപ്പിറവിയ്ക്ക് ഉൽക്കാ വർഷം കാരണമാകുന്നു. ശാസ്ത്രം വികസിച്ചതിലൂടെ ഉൽക്കകളെയും, ഉൽക്കാവർഷത്തെയും കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഭൂരിഭാഗം ഉൽക്കകളും അന്തരീക്ഷത്തിൽ എത്തുമ്പോഴേക്ക് കത്തിനശിക്കും.
ഇപ്പോഴിതാ ഉൽക്കകളെ സംബന്ധിച്ച് വളരെ കൗതുകമുണർത്തുന്ന ഒരു കാര്യം പുറത്ത് വന്നിരിക്കുകയാണ്. ചൊവ്വയുടെ ഉപരിതലത്തിൽ വലിയ വസ്തുക്കൾ ശക്തിയിൽ വന്നിടിച്ചതിന്റെ ഫലമായി ഉണ്ടായ അവശിഷ്ടങ്ങൾ ചിലത് ഭൂമിയിലേക്കും എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ശക്തിയിൽ ബഹിരാകാശത്തേക്ക് തെറിച്ച ഇവ ഭൂമിയിലേക്കും എത്തിപ്പെട്ടെന്നാണ് കണ്ടെത്തൽ.
വലിയ ശക്തിയിൽ ചൊവ്വയുടെ ഉപരിതലത്തിൽ എന്തെങ്കിൽ വന്ന് പതിക്കുമ്പോൾ അവിടെ ഗർത്തം രൂപം കൊള്ളുകയും അതിൽ നിന്നുള്ള അവശിഷ്ടങ്ങൾ മതിയായ പ്രവേഗം കൈക്കൊണ്ട് ചൊവ്വയുടെ ഗുരുത്വാകർഷണത്തെ ഭേദിച്ച് ബഹിരാകാശത്തേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇവ പിന്നീട് സൂര്യന് ചുറ്റുമായുള്ള ഭ്രമണപഥത്തിലേക്ക് എത്തിപ്പെടും. ചിലത് ക്രമേണ ഭൂമിയിലേക്ക് പതിക്കുമത്രേ. ആൽബേർട്ട സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയിൽ പതിച്ച ഇരുന്നൂറോളം ഉൽക്കകൾ ചൊവ്വയിലെ അഞ്ച് ഗർത്തങ്ങളിൽ നിന്നുള്ളവയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഗ്രഹത്തിലെ താർസിസ്, എലിസിയം എന്നീ രണ്ട് അഗ്‌നിപർവ്വത മേഖലകളിൽ ഉള്ള ഗർത്തങ്ങളാണിവ.
അതേസമയം ഓരോ ദിവസവും ഏകദേശം 48.5 ടൺ ഉൽക്കാ വസ്തുക്കൾ ഭൂമിയിൽ വന്ന് പതിക്കുന്നുണ്ടെന്നാണ് നാസ പറയുന്നത്. പക്ഷേ ഇവയിൽ ഭൂരിഭാഗവും വളരെ ചെറിയ, ശ്രദ്ധിക്കപ്പെടാത്തത്ര സൂക്ഷ്മമായ പൊടിപടലങ്ങളായാണ് ഭൂമിയിൽ എത്തുന്നത്
Discussion about this post