മലപ്പുറം : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ . വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിലെന്ന കാര്യം ജലീൽ അറിയിച്ചത്. ഫേസ്ബൂക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സി.പി.എം സഹയാത്രികനായി തുടരും. സർക്കാർ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വർഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തിൽ’, ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കുനേരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. അനവറിനെ പിന്തുണച്ചുകൊണ്ട് ജലീൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
പാർലമെന്റെറി പ്രവർത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ പാടാണ്. ജീവിതത്തിന്റെ സിംഹഭാഗവും പിന്നിട്ടു. നടന്നുതീർത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം, ജലീൽ പറയുന്നു.
Discussion about this post