എറണാകുളം : കൊച്ചി മെട്രോയുടെ കലൂർ- കാക്കനാട് രണ്ടാം ഘട്ട പദ്ധതിയിൽ ഡബിൾ ഡക്കർ ഡിസൈൻ വേണമെന്ന ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് നിർദേശം .വാഹന ഗതാഗത സൗകര്യത്തിന് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഡബിൾ ഡക്കർ ഡിസൈൻ വേണമെന്ന് നെട്ടൂർ സ്വദേശി ഷമീർ അബ്ദുള്ള ഹർജി നൽകിയിരുന്നു. ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം.
കലൂർ മുതൽ കാക്കനാട് വരെയും സീ പോർട്ട് എയർപോർട്ട് റോഡിലും വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാൻ ഒറ്റ പില്ലറിൽ തന്നെ മേൽപ്പാലവും മെട്രോ റെയിലും നിർമ്മിക്കുന്ന ഡബിൾ ഡക്കർ ഡിസൈൻ അനിവാര്യമാണെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഉത്തരവിടാനാകില്ലെന്ന് കോടതി പറഞ്ഞു. പിന്നീട് ആവശ്യം പരിഗണിക്കാൻ മെട്രോ റെയിൽ ലിമിറ്റഡിന് അടക്കം നിർദേശം നൽകുകയായിരുന്നു.
നാഗ്പുരിലും ബംഗളൂരുവിലും ഇത്തരത്തിലുള്ള ഡബിൾ ഡക്കർ ഡിസൈൻ നടപ്പിലാക്കിയിട്ടുണ്ട്. ഇത്രയും വാഹന ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കൊച്ചി പോലെ സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിൽ ഇത് പ്രയോജനകരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post