കാലിഫോർണിയ: ബോയിംഗിന്റെ സ്റ്റാർലൈന ബഹിരാകാശ പേടകം ഭൂമിയിലേയ്ക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമായി. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെയാണ് പേടകം തിരിച്ച് ഭൂമിയിലെത്തുക. സെപ്റ്റംബർ ആറിനായിരിക്കും പേടകം ബഹിരാകാശത്ത് നിന്നും അൺഡോക്ക് ചെയ്യുക എന്ന് നാസ അറിയിച്ചു.
ആറിന് ബഹിരാകാശ നിലയത്തിൽ നിന്നും അൺഡോക്ക് ചെയ്യുന്ന പേടകം ആറ് മണിക്കൂറുകൾക്ക് ശേഷമായിരിക്കും ഭൂമിയിൽ എത്തുക. ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാൻഡ് സ്‌പേസ് ഹാർബറാണ് സ്റ്റാർലൈനർ പേടകം ലാൻഡ് ചെയ്യാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഏറെ നാളത്തെ ആശങ്കയ്ക്ക് ഒടുവിലാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ച സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക് എത്തുന്നത്.
2024 ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. ‘ക്രൂ ഫൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഇൗ ദൗത്യത്തിന് പേരിട്ടിരുന്നത്. എന്നാൽ, യാത്രക്കിടെ ഉണ്ടയ ഹീലിയം ചോർച്ചയും ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായതും യാത്ര അപകടകരമാക്കി. അതീവ സാഹസികമായാണ് രണ്ട് ബഹിരാകാശ യാത്രികരും ലക്ഷ്യ സ്ഥാനത്ത് എത്തിയത്.
എട്ട് ദിവസത്തേയ്ക്ക് ആണ് ഇരുവരും ബഹിരാകാശത്ത് എത്തിയത്. എന്നാൽ, സാങ്കേതിക പ്രശ്‌നങ്ങൾ ഇരുവരുടെയും മടക്ക യാത്ര അനിശ്ചിതത്വത്തിലാക്കി. പല തവണ യാത്ര മാറ്റി നിശ്ചയിച്ചെങ്കിലും സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനാൽ തന്നെ മൂന്ന് മാസമായി പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത് ഇട്ടിരിക്കുകയായിരുന്നു.
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കൊണ്ട് പേടകം മടങ്ങുന്നത് അപകടകരമാണെന്നത് മുന്നിൽ കണ്ടാണ് ആളില്ലാതെ ഭൂമിയിലേയ്ക്ക് അയക്കാൻ നാസയും ബോയിംഗും തീരുമാനിച്ചത്. സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്കാണ് നീട്ടിയിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകമാണ് ഇരുവരെയും തിരികെ ഭൂമിയിലേയ്ക്ക് എത്തിക്കുക.
Discussion about this post