തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എന്നാൽ, മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന് ശേഷമുള്ള അൻവർ എംഎൽഎയുടെ കാലുമാറ്റം, ഇപ്പോൾ വലിയ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ അൻവർ എംഎൽഎയെ ട്രോളിക്കൊണ്ടുള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിലെ ക്ലൈമാക്‌സ് സീനിലെ രംഗമാണ് എംഎൽഎയെ ട്രോളാനായി കെ സുരേന്ദ്രൻ ഉപയോഗിച്ചത്. എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കിയെന്ന ജനാർദ്ദനന്റെ മന്നാർ മത്തായി സ്പീക്കിംഗിലെ ഡയലോഗ് ആണ് ഫേസ്ബുക്കിൽ കെ സുരേന്ദ്രൻ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ കാണുന്നതു വരെ മലപ്പുറം കത്തി, അമ്പും വില്ലും എന്ന രീതിയിൽ പോയ അൻവർ എംഎൽഎ ആയിരുന്നില്ല മുഖ്യനെ കണ്ടതിന് ശേഷമുണ്ടായിരുന്നത് എന്നതായിരുന്നു ട്രോളുകൾക്ക് കാരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം പിവി അൻവർ പ്രതികരിച്ചത്. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകുമെന്നും പിവി അൻവർ വ്യക്തമാക്കി.പോരാട്ടത്തിന് ഇറങ്ങിയത് സഖാവെന്ന നിലയിലാണെന്നും തന്റെ പിന്നിൽ സർവ്വ ശക്തനായ ദൈവം മാത്രമാണെന്നും അൻവർ പറഞ്ഞു.
Discussion about this post