നല്ല പച്ച നിറവും നല്ല സുഗന്ധവും കാരണം, മല്ലി ചെടിയുടെ ഇലകൾ ഇന്ത്യൻ പാചകത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്. അത് സൂപ്പ്, സലാഡുകൾ, രസം, കറികൾ, എന്നിങ്ങനെ വിവിധ തരം വിഭവങ്ങളിൽ ചേർക്കുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയെയും സംരക്ഷിക്കുക, ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ധാരാളം ആനുകൂല്യങ്ങളും ഇവ നമുക്ക് നൽകുന്നു
മിക്ക ആളുകൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ് അഡിഡിറ്റി അല്ലെങ്കിൽ ആസിഡ് റിഫ്‌ലക്‌സ്. പരമാവധി ആളുകളും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് അസിഡിറ്റി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. അതിന് നമ്മൾ പല വിദ്യകളും ചെയ്യാറുണ്ട്. . എന്നാൽ ഇതിനു പരിഹാരമായി അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആകുന്ന ഒന്നാണ് മല്ലി കുതിർത്ത വെള്ളം. ഒരു രാത്രി മുഴവൻ മല്ലി കുതിർത്തു വെച്ച വെള്ളം പിറ്റേ ദിവസം കുടിക്കുന്നത് ആസിഡിറ്റിയോ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കോ മികച്ച പരിഹാരമാണെന്നാണ് പ്രചരിക്കുന്നത്.
മല്ലിവെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ദഹനപ്രശ്‌നങ്ങളിലും നിന്നും ആശ്വാസം നൽകുന്നതിന് മല്ലി ചില സാഹചര്യങ്ങളിൽ സഹായിക്കും. ഇത് എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനപ്രക്രിയ സുഗമമാക്കുന്നു. അതിലൂടെ വയറുവേദന, വയറു വീർക്കൽ പോലെയുള്ള അസ്വസ്ഥതകളിൽ നിന്നും ആശ്വാസം ഉണ്ടാകുന്നു. എന്നാൽ അതികഠിനമായ അസിഡിറ്റിക്ക് ഇതേ ഫലം മല്ലി നൽകണമെന്നില്ല.
ദഹനത്തെ സഹായിക്കുന്നു: ദഹന എൻസൈമുകളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ചുകൊണ്ട് മല്ലി വിത്തുകൾ ദഹനത്തെ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് ഭക്ഷണത്തിന്റെ ശരിയായ ദഹനം സാധ്യമാക്കുകയും, ആമാശയത്തിലെ അധിക ആസിഡിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്‌തേക്കാം.
അസ്വസ്ഥതയിൽ നിന്നും ആശ്വാസം: മല്ലി വിത്ത് കുതിർത്ത വെള്ളം വയറുവേദനയും ദഹനക്കേടും കുറയ്ക്കും എന്നതിന് ചില തെളിവുകളുണ്ട്.
ഗുണങ്ങളെ പോലെ തന്നെ ചില സാഹചര്യങ്ങളിൽ ഇത് ദഹനത്തെ ദേഷകരമായും ബാധിച്ചേക്കാം
ആസിഡ് പ്രവർത്തനങ്ങൾ വഷളാക്കിയേക്കാം: ചിലരിൽ മല്ലി ആസിഡിറ്റി വഷളാക്കുന്നു. ഇത് ആമാശയത്തിൽ ആസിഡിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ പോലെയുള്ളവ ഉണ്ടായേക്കാം.
കഠിനമായ അസിഡിറ്റി നിത്യവും നേരിടുന്നവരാണെങ്കിൽ മല്ലി കുതിർത്ത വെള്ളം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ വിപരീത ഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് ഡയറ്റീഷ്യൻ പറയുന്നു.
ഉപയോഗിക്കേണ്ട വിധം
വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചു നോക്കിയതിനു ശേഷം പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം സ്ഥിരമായി ഉപയോഗിക്കുക. എന്തെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടനടി ഈ ശീലം നിർത്തുക.
Discussion about this post