ന്യൂയോർക്ക്: മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിലെ ക്യാൻസറിന് കാരണമാകുമോ ചോദ്യത്തിന് ഉത്തരവുമായി ലോകാരോഗ്യസംഘടന. ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുഴുവൻ പഠനങ്ങളും സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് സത്യാവസ്ഥയെന്തെന്ന് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വലിയ ആശങ്കയാണ് അവസാനിച്ചിരിക്കുന്നത്.
മൊബൈൽ ഫോണിന്റെ ഉപയോഗവും തലച്ചോറിലെ ക്യാൻസറും തമ്മിൽ ബന്ധമില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന നിരവധി പഠനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. എന്നാൽ ഇതിലൊന്നും മൊബൈൽ ഫോണുകൾ ക്യാൻസറിന് കാരണം ആകും എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എൻവയോൺമെന്റ് ഇന്റർനാഷണൽ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
1994നും 2022 നും ഇടയിൽ നടന്ന 63 പഠനങ്ങൾ ആണ് ലോകാരോഗ്യ സംഘടന പരിശോധനയ്ക്ക് വിധേയം ആക്കിയത്. ഇതിൽ 10 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരായ 11 ഗവേഷകരുടെ പഠനങ്ങളും ഉൾപ്പെടുന്നു. മൊബൈലിൽ നിന്ന് മാത്രമല്ല, ടെലിവിഷൻ കുട്ടികളുടെ പാവകൾ തുടങ്ങിയവയിൽ നിന്നും വരുന്ന റേഡിയേഷനും പല ഗവേഷകരും പഠനവിധേയം ആക്കിയിട്ടുണ്ട്. മൊബൈലിൽ നിന്നും വളരെ കുറഞ്ഞ ലെവലിലുള്ള റേഡിയോ തരംഗങ്ങൾ ആണ് പ്രവഹിക്കുന്നത് എന്നാണ് ഭൂരിഭാഗം ഗവേഷകരുടെയും കണ്ടെത്തൽ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിലെ ക്യാൻസറിന് കാരണം ആകുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ഇത് വലിയ ശ്രദ്ധയാകർഷിക്കുകയും ശാസ്ത്ര ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. വലിയ ആശങ്കയായിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സത്യം വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post