എറണാകുളം: നടൻ ജയസൂര്യയ്‌ക്കെതിരായ പീഡന പരാതി തന്നിൽ ഞെട്ടൽ ഉണ്ടാക്കിയെന്ന് നടി നൈല ഉഷ. തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ജയസൂര്യ. സിനിമാ മേഖലയിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് ആയിരുന്നു നടിയുടെ പ്രതികരണം.
ജയസൂര്യയ്‌ക്കൊപ്പം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അത് വളരെ നല്ല അനുഭവം ആയിരുന്നു. എന്റെ അടുത്ത സുഹൃത്താണ് നടൻ. അദ്ദേഹത്തിന് നേരെ ഉയർന്ന പരാതി ശരിയ്ക്കും ഞെട്ടിച്ചു. ഇതിന് ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല.
സിനിമയിലേക്ക് തന്നെ ക്ഷണിച്ചതാണ്. അതുകൊണ്ട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ക്ഷണിക്കപ്പെടുന്നവരും അവസരം ചോദിച്ച് എത്തുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞെട്ടൽ ഇല്ല. അതിലെ കാര്യങ്ങൾ കേട്ട് ചിലർ ഞെട്ടി എന്ന് പറഞ്ഞത് കേട്ടപ്പോഴാണ് തനിക്ക് ഞെട്ടൽ ഉണ്ടായത്.
ചൂഷണത്തെക്കുറിച്ച് ഇതിന് മുൻപും പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ അത് ഗൗരവത്തിൽ എടുത്തിരുന്നില്ല. ഇതാണ് അനുയോജ്യമായ സമയ മാറ്റം. ഇവിടെ നിന്നും മലയാള സിനിമയിൽ മാറ്റങ്ങൾ ഉണ്ടാകാൻ പോകുകയാണ് എന്നും നൈല പറഞ്ഞു.
Discussion about this post