ശ്രീനഗർ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മുകശ്മീരിൽ വോട്ട് പിടിക്കാൻ പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി പൊതുറാലിയിൽ സംസാരിച്ച ഗാന്ധി കശ്മീരുമായി തനിക്ക് വൈകാരികബന്ധവും രക്തബന്ധവും ഉണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിപക്ഷമായ ഇന്ത്യാ സംഘം മാനസികമായി പരാജയപ്പെടുത്തിയെന്ന് രാഹുൽ അവകാശപ്പെട്ടു.ഞാൻ പാർലമെന്റിൽ അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു, അദ്ദേഹത്തിന്റെ ആത്മവിശ്വാസം പോയി. ഇന്ത്യാ ബ്ലോക്ക് ഒറ്റക്കെട്ടായി നിൽക്കുകയും ഒറ്റക്കെട്ടായി പോരാടുകയും ചെയ്തു. നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ ഭയക്കുകയാണെന്നും നരേന്ദ്രമോദിക്കും ബിജെപിക്കും അധികാരം നഷ്ടപ്പെടാൻ ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.ഞങ്ങൾ മോദിയെ മാനസികമായി തീർത്തു,ഞാൻ പാർലമെന്റിൽ അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുന്നു, അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. ഇനി കുറച്ച് സമയം അവശേഷിക്കുന്നു, ഞങ്ങൾ മോദിയെയും ബിജെപിയെയും സർക്കാരിൽ നിന്ന് പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അനന്ത്നാഗിൽ റാലിയെ അഭിസംബോധന ചെയ്യവെ, സംസ്ഥാനത്തെ ജനങ്ങളുമായി തനിക്കുള്ള വ്യക്തിബന്ധത്തെക്കുറിച്ച് രാഹുൽ സംസാരിച്ചു.’എനിക്കും നിങ്ങൾക്കും രക്തബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാം. ഇതൊരു രാഷ്ട്രീയ ബന്ധമല്ല. അത് രാജീവ് ഗാന്ധിയോ ഇന്ദിരാഗാന്ധിയോ ജവഹർലാൽ നെഹ്റുവോ ആകട്ടെ, ഇത് പഴയ ബന്ധമാണ്. എന്നിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും, എന്റെ വാതിലുകൾ നിങ്ങൾക്കായി എപ്പോഴും തുറന്നിരിക്കുന്നു. പാർലമെന്റിൽ നിങ്ങളെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ പ്രശ്നങ്ങളും നിങ്ങളുടെ വേദനയും നിങ്ങളുടെ സങ്കടവും ഞാൻ ഉന്നയിക്കും, ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാകുന്നതെന്ന് രാഹുൽ പറഞ്ഞു.
ജമ്മു കശ്മീരിലെ ബനിഹാൽ അസംബ്ലി മണ്ഡലത്തിലെ സംഗൽദാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ അവകാശപ്പെട്ടത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവരുടെ കോർപ്പറേറ്റ് സുഹൃത്തുക്കളുമാണ് കേന്ദ്ര സർക്കാരിനെ നയിക്കുന്നതെന്നായിരുന്നു. രണ്ട് ശതകോടീശ്വരന്മാർക്ക് വേണ്ടി സർക്കാർ പ്രവർത്തിക്കുന്നതിനാൽ ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട വ്യവസായികളുടെ താൽപ്പര്യങ്ങളെ ഹനിച്ചുവെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Discussion about this post