കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി തീരുമാനം. വനിതാ ജഡ്ജിമാർ ഉൾപ്പെട്ട വിശാല ബെഞ്ചായിരിക്കും രൂപീകരിക്കുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവായ സജിമോൻ പറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവർ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ പത്തിന് പൊതുതാത്പര്യ ഹർജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോർട്ട് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.
Discussion about this post