നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വിദ്യാഭ്യാസം. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നത് കൊണ്ട് തന്നെ വിദ്യാഭ്യാസമില്ലാതെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നത് വളരെ പ്രയാസമാണ്. വിദ്യ അഭ്യസിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ചെറിയ പ്രായത്തിലേ സ്‌കൂളുകളിൽ പോയി തുടങ്ങും. കുട്ടിക്കാലത്തെ പല ഓർമ്മകളും അത് കൊണ്ട് തന്നെ സ്‌കൂളുമായി ബന്ധമുള്ളതായിരിക്കും. സ്‌കൂളിൽ കൂട്ടുകാരുമൊത്ത് പഠിക്കുന്നതും കളിക്കുന്നതും കുറുമ്പ് കാണിക്കുന്നതും വഴക്കിടുന്നതും എല്ലാം നമ്മുടെ ഓർമ്മകളിൽ തങ്ങിനിൽക്കും. ഇഷ്ടമല്ലാത്ത വിഷയത്തിലുള്ള ക്ലാസ് എടുക്കുമ്പോൾ ഉറക്കം വരുന്നത് ഓർമ്മയില്ലേ.. എത്ര കർക്കശക്കാരനായ അദ്ധ്യാപകനാണെങ്കിലും ഇഷ്ടമല്ലാത്ത ക്ലാസാണെങ്കിൽ ഉറക്കം വരും. അല്ലേ ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ?
പൊതുവേ വെളിച്ചം കൂടുതലുള്ള സമയത്ത് ഉണർന്നിരിക്കാനുള്ള സിഗ്‌നലുകൾ കൂടുതലായിരിക്കും. ഇരുട്ടിക്കഴിഞ്ഞാൽ ഈ സിഗ്‌നലുകൾ കുറയുന്നതിനനുസരിച്ച് ഉറക്കം വരികയും ചെയ്യുമെന്നതാണ് ഉറക്കത്തിന്റെ രീതി. ഇതിന് പുറമേ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ (ഉദാഹരണത്തിന് nucleus accumbens എന്ന ഭാഗം) പ്രവർത്തനം ഉണർന്നിരിക്കുന്നതിനു ആവശ്യമാണ്. സന്തോഷം കിട്ടുന്നതും, താൽപ്പര്യം, കൗതുകം എന്നിവ ജനിപ്പിക്കുന്നതുമൊക്കെയായ സിഗ്‌നലുകൾ ഈ ഭാഗങ്ങളിലെ കോശങ്ങൾക്ക് ഉത്തേജനം നൽകുകയും അതിന്റെ ഭാഗമായി ഡോപ്പമീൻ എന്ന നാഡീ രാസപദാർത്ഥം (Neurotransimitter) ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
സന്തോഷവും കൗതുകവും മാത്രമല്ല, ഞെട്ടലും ഭീതിയുമൊക്കെ ഇത്തരത്തിൽ പ്രവർത്തിക്കും. ക്ലാസുമുറിയിൽ ക്ലാസ് കേട്ടു കൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കുക. ഒന്നൊന്നായി ചെറിയ അക്ഷരങ്ങൾ കുത്തി നിറച്ച പവർപോയിന്റ് സ്ലൈഡുകൾ മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. സാറിന്റെ ശബ്ദം ഏറ്റക്കുറച്ചിലുകളില്ലാതെ അത് വായിച്ചു കൊണ്ടിരിക്കുന്നു. തലച്ചോറിന് ഒരു തരത്തിലുമുള്ള ഉത്തേജനവും ലഭിക്കുന്നില്ല. Nucleus accumbens പോലുള്ള ഭാഗങ്ങൾക്ക് ഉത്തേജന സിഗ്‌നലുകൾ കിട്ടുന്നില്ല. അവ ഡോപ്പമീൻ ഉൽപ്പാദന സിഗ്‌നലുകളും നൽകുന്നില്ല. ക്രമേണ തലച്ചോർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ഇതാണ് ഇഷ്ടമില്ലാത്ത ക്ലാസിലിരിക്കുമ്പോൾ ഉറക്കം വരുന്നത്.
ഉറക്കം തൂങ്ങുമ്പോൾ പഠിക്കാൻ ശ്രമിക്കരുത്. വലിയ ക്ഷീണമോ തളർച്ചയോ ഉണ്ടെങ്കിലും പഠനത്തിൽനിന്നു വിട്ടുനിൽക്കണം. ഏകാഗ്രത പുലർത്താനാകാത്ത സമയങ്ങളാണ് ഇവയെല്ലാം. പഠിക്കാൻ ടൈംടേബിളുണ്ടാക്കി അതു പാലിക്കുക. ഒരേ വിഷയം തുടർച്ചയായി ഏറെ നേരം പഠിക്കാതെ വിഷയങ്ങൾ മാറിമാറി പഠിക്കുക. ഏതെങ്കിലും പ്രധാനപാഠങ്ങൾ ഇന്ന സമയത്തു തീർക്കുമെന്ന് നിശ്ചയിച്ചിട്ടു പഠനം തുടങ്ങുക
Discussion about this post