അടുത്തിരിക്കുന്ന സുഹൃത്തിനോട് ടാ നമുക്കൊരു പുതിയ ബൈക്കെടുത്താലോ എന്ന് സംസാരിച്ച് തീരും മുൻപ് ഫോണിൽ ബൈക്ക് വാങ്ങാനുള്ള ആകർഷകമായ ഓഫറുകൾ വരാറില്ലേ…ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് സംസാരിച്ച് പിന്നീട് ഫോണെടുത്താൽ ഹോട്ടലുകളുടെ പരസ്യമാണ് വരിക. ഇത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ
ആരെങ്കിലും ഫോൺ ചോർത്തുന്നത് കാരണമാണോ ഇത് സംഭവിക്കുന്നത് എന്ന് സംശയം തോന്നിയിട്ടുണ്ടോ? ഈ സംശയങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് ഒരു മാർക്കറ്റിംഗ് കമ്പനി. കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിംഗ് കമ്പനിയാണ് ഉത്തരം നൽകിയിരിക്കുന്നത്.
സ്മാർട്ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ഗൂഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളുടെ ലിസ്റ്റിൽപ്പെടുന്നവരാണ്. ഉപയോക്താക്കളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തിഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.
റിപ്പോർട്ടിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്നേഴ്സ് പ്രോഗ്രാം വെബ്സൈറ്റിൽ നിന്ന് കോക്സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തു.അതേസമയം കോക്സ് മീഡിയാ ഗ്രൂപ്പ് വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് തങ്ങളെന്ന് ഫേസ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പറഞ്ഞു. പരസ്യങ്ങൾക്ക് വേണ്ടി ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി തങ്ങൾ ഇത് തുറന്നുപറയുന്നുണ്ടെന്നും മെറ്റ പറഞ്ഞു
Discussion about this post