പൂക്കൂടയും ഊഞ്ഞാലും പൂവിളിയുമായി മലയാളിയുടെ ഓണാഘോഷത്തിന് തുടക്കമിട്ട് ഇന്ന് അത്തം. ഓണത്തെ വരവേൽക്കാനുള്ള തിരക്കിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ഇന്ന് മുതൽ പത്ത് നാളുകളിൽ ഓണത്തിന്റെ ആരവങ്ങളുമായി നാട്ടകങ്ങളും ഇടവഴികളും നടവരമ്പുകളും ആനന്ദത്തിന്റെ പൂവിളികൾ തീർക്കും
മഴ മാറി ഓണവെയിൽ പരക്കാൻ കാത്ത് തൊടികളിൽ വ്രീളാവിവശരായി കുണുങ്ങി നിൽക്കുന്ന തുമ്പയും തെച്ചിയും മുക്കുറ്റിയും ഗ്രാമങ്ങളിൽ ഗതകാല സ്മൃതികളുടെ ഓർമ്മപ്പെടുത്തലാകുന്നു. ഓണനിലാവിൽ നടുമുറ്റങ്ങളിലെ ഇളം തണുപ്പിൽ മുത്തശ്ശിയുടെ മാറിൽ ചാഞ്ഞു കിടന്ന് മാവേലിയുടെയും വാമനന്റെയും പ്രഹ്‌ളാദന്റെയുമൊക്കെ കഥകൾ കേട്ട് കുസൃതിയും കുറുമ്പും പങ്കു വെച്ച ബാല്യങ്ങൾ ഇന്ന് ഓർമ്മകളിൽ മാത്രമായിരിക്കുന്നു.
ചാണകം മെഴുകിയ തറയിൽ തൊടിയിലെ തുമ്പയും മുക്കുറ്റിയും ചെത്തിയും തീർത്ത പൂക്കളങ്ങൾ ഇന്ന് അപൂർവമാണ്. പകരം വിപണിയിലെ പൂക്കളിട്ടാണ് മലയാളി പൂക്കളം തീർക്കുന്നത്.. പനയോലകൊണ്ട് മെടഞ്ഞ പൂവട്ടികളുമായി അതിരാവിലെ പൂ പറിക്കാൻ പോയിരുന്ന കുട്ടിക്കൂട്ടങ്ങൾ ഇന്ന് ഗൃഹാതുര സ്മരണ മാത്രം. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, കൃഷ്ണാന്തളിയും ഇന്ന് തൊടികളിൽ നിന്ന് ഏതാണ്ട് പിൻവാങ്ങി. പകരം ഗുണ്ടൽപേട്ടിൽനിന്നും കോയമ്പത്തൂരിൽ നിന്നുമത്തെുന്ന ജമന്തിയും ചെണ്ടുമല്ലിയും അരളിയുമാണിന്ന് മലയാളിക്കാശ്രയം. അന്യസംസ്ഥാന പൂക്കളെ ആശ്രയിച്ചാണ് ഗ്രാമങ്ങളിൽ പോലും പൂക്കളം നിറയുന്നത്.സ്‌കൂൾ പരീക്ഷകൾ കഴിയുന്നതോടെ അപൂർവ്വം ചില നാട്ടിൻപുറങ്ങളിലെങ്കിലും കുട്ടികൾ പൂവിറുക്കാൻ ഒത്തു കൂടാറുണ്ട്. കാലമെത്ര മാറിയാലും കളങ്കമില്ലാത്ത മനസ്സുമായി പൂക്കൾ തേടി ചിരിക്കുന്ന കുരുന്നുകളുടേതാണ് അത്തം. ആഘോഷങ്ങളെല്ലാം
അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് പഴമൊഴി. അതു കൊണ്ട് അത്തത്തിന് മഴ പെയ്യാൻ പ്രാർത്ഥിച്ചിരുന്ന ബാല്യങ്ങൾ പണ്ടുണ്ടായിരുന്നു. അത്തപ്പുലരിയിൽ മഴയുടെ സംഗീതം ആസ്വദിച്ച്, ഈറൻ വെള്ളത്തിലെ കിടുങ്ങുന്ന തണുപ്പിൽ കുളിച്ച് കൂട്ടരോടൊപ്പം പൂവിറുക്കാൻ ഓടുമ്പോൾ ഓണത്തുമ്പിയായി പാറിയിരുന്ന ഇളം മനസ്സുകൾ. ഊഞ്ഞാൽ ചുവടുകളിൽ ചില്ലാട്ടമാടി, മഴയകന്ന തിരുവോണത്തെ കിനാവു കണ്ട പൂർവ്വകാല സ്മൃതികൾ..
മാറുന്ന കാലത്തിന്റെ പുത്തൻ തിരക്കുകൾക്കിടയിലും അത്തം ഒരു പ്രതീക്ഷയാണ്. ദു:ഖമാണെങ്കിലും പത്ത് ദിവസങ്ങൾക്കപ്പുറം സന്തോഷത്തിന്റെ പൊൻ നിലാവുമായി ഓണം വരുമെന്നുള്ള പ്രതീക്ഷ. ആ പ്രതീക്ഷയിൽ ചമയമൊരുക്കി പുലികളിയുമായി വരമ്പുകളിൽ ആബാലവൃദ്ധം തടിച്ചു കൂടുന്നു; അത്തം കറുത്താലും ഓണം വെളുക്കട്ടെ…
സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കം കുറിച്ചുള്ള പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷവും ഇന്നാണ്.അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങുന്നത്. രാവിലെ സ്പീക്കർ എഎൻ ഷംസീർ അത്തം നഗറിൽ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിപാടികൾ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങൾക്ക് മുടക്കമില്ല.
Discussion about this post