തിരുവനന്തപുരം; മലപ്പുറം മുൻ എസ്പി സുജിത് ദാസ് അടക്കം നിരവധി പോലീസുകാർക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ.രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാൻ പോയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്നും വീട്ടമ്മ പറഞ്ഞു.മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വിവി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ ചൂഷണം ചെയ്തുവെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. പരാതി നൽകാനെത്തിയ തന്നെ പോലീസുകാർ പീഡിപ്പിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയത്.പോലീസ് ഉന്നതർ പരസ്പരം കൈമാറിയായിരുന്നു പീഡനമെന്ന് യുവതി ആരോപിച്ചു.
പിവി അൻവർ സുജിത്ത് ദാസിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ പറ്റി വെളിപ്പെടുത്തിയതോടെയാണ് താനും തുറന്ന് പറയുന്നതെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ എംഎൽഎയെ അവിടെ പോയി കണ്ടിരുന്നു. അദ്ദേഹത്തോട് സംസാരിച്ച ശേഷമാണ് വെളിപ്പെടുത്താനുള്ള തീരുമാനം എടുത്തതെന്നും വീട്ടമ്മ വ്യക്തമാക്കി.
2022ൽ മലപ്പറത്തായിരുന്നു സംഭവം നടന്നതെന്ന് യുവതി പറയുന്നു. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായിരുന്നു യുവതി പോലീസിനെ സമീപിച്ചത്. പൊന്നാനി സിഐ വിനോദിനാണ് പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാൽ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
എസ്പി സുജിത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി. രണ്ടാമത്തെ തവണ മറ്റൊരു ഉദ്യോഗസ്ഥനും കൂടെ ഉണ്ടായിരുന്നു. കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടെ വഴങ്ങണമെന്നും എസ്പി ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ലെന്ന് വീട്ടമ്മ പറഞ്ഞു.
Discussion about this post