തിരുവനന്തപുരം; വിഷാംശം കണ്ടെത്തിയതോടെ പൂക്കളമൊരുക്കാൻ അരളി ഉപയോഗിക്കാൻ പലരും മടി കാണിക്കുന്നുവെന്ന് വിവരം. തമിഴ്‌നാട്ടിൽ നിന്ന് ഓണവിപണി മുന്നിൽ കണ്ട് വലിയ രീതിയിലാണ് കേരളത്തിലേക്ക് അരളിപ്പൂ എത്തുന്നത്. ക്ഷേത്രപൂജയിൽ നിന്ന് ഒഴിവാക്കിയെങ്കിലും അരളിപ്പൂവിന് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പത്ത് ദിവസം പൂക്കളമിടാൻ അരളി പൂ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌ന മുണ്ടാക്കുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാണ്.കിലോക്ക് 300 രൂപയാണ് അരളിയുടെ വില. ജമന്തിക്ക് 200.ഒരു മുഴം മുല്ലപ്പൂവിന് 50 രൂപ .പൂക്കളം സജീവമാകുന്നതോടെ വില ഉയരും.
സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാൽ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകൾ, ഇലകൾ, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കൾ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങൾ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാൽ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛർദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാൽ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയർന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളർച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു.
Discussion about this post