തിരുവനന്തപുരം; സിനിമ മേഖലയിൽ നടീ-നടന്മാർക്ക് തുല്യവേതനമെന്ന നിർദ്ദേശം സാധ്യമാക്കാനാവില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. ഇക്കാര്യം വ്യക്തമാക്കി അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സർഗാത്മകതയും വിപണിമൂല്യവും കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്ന് കത്തിൽ പറയുന്നു. താരങ്ങളുടെ ബ്രാൻഡ് വാല്യു, സിനിമ തിയറ്ററിലെത്തിയാൽ നേടുന്ന കളക്ഷൻ, ഇത്തരം ഘടകങ്ങൾ പരിശോധിച്ചശേഷമാണ് താരങ്ങളുടെ വേതനം തീരുമാനിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സിനിമയിലെ തുല്യവേതനമെന്നത് ബാലിശമായ വാദമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
പുരുഷന്മാരേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്ത്രീകളും മലയാള സിനിമയിൽ ഉണ്ടെന്നും നിർമ്മാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. കഥയിലും കഥാപാത്രത്തിലും സംവരണം വേണമെന്ന കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ പരിഹാസ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളേക്കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റിയുടെ റിപ്പോർട്ടിൽ നടീനടന്മാരുടെ വേതനത്തിലെ വിവേചനത്തേക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പരിഹാരം വേണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ വിഷയത്തിലാണിപ്പോൾ നിർമാതാക്കളുടെ സംഘടന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post