തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ മൊഴി ഇന്ന് പ്രത്യേകഅന്വേഷണസംഘമെടുക്കും.
രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിന്റെ മൊഴിയെടുക്കുക. ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന് പി .വി.അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.
പോലീസിനെതിരായ പരാതികൾ അറിയിക്കാൻ പി.വി. അൻവർ എം.എൽ.എ. ഇന്നലെ വാട്‌സ് ആപ്പ് നമ്പർ പ്രഖ്യാപിച്ചിരുന്നു. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പോലീസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
പോലീസിലെ ക്രിമിനൽസുമായി ബന്ധപ്പെട്ട് പീഡിപ്പിക്കപ്പെട്ടവർ, കുറ്റവാളികളാക്കപ്പെട്ടവർ, കള്ളക്കേസിൽ കുടുക്കപ്പെട്ടവർ, ഇല്ലാത്ത എം.ഡി.എം.എ. കേസുണ്ടാക്കി സുജിത് ദാസും സംഘവും ജയിലിലടക്കപ്പെട്ടവർ, കണ്ടെടുത്ത മുതൽ കട്ടെടുത്തവർ, എം.ആർ. അജിത് കുമാർ അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരുപാട് കോൾ വരുന്നുണ്ട്. അതുകൊണ്ട് വാട്‌സാപ്പ് പോയിന്റ് തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post