ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇന്ന് ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
സർവ്വതിനും മുൻപ് നമുക്ക് അജ്ഞാനമാകുന്ന ഇരുട്ടിൽ വഴിവിളക്കു കാട്ടുന്ന ഗുരുക്കന്മാരെ ആദ്യം വണങ്ങാം. അവരുടെ അനുമതിയും അനുഗ്രഹവും തേടാം.
അഖണ്ഡമണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തത്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈശ്രീ ഗുരവേ നമഃ
ജ്ഞാനശക്തിഃ സമാരൂഢ
തത്വമാലാവിഭൂഷിത
ഭുക്തിമുക്തി പ്രദാതാ ച
തസ്മൈ ശ്രീ ഗുരവേ നമഃ
ഗുരുർ ബ്രഹ്മഃ ഗുരുർ വിഷ്ണുഃ
ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മഃ
തസ്മൈ ശ്രീ ഗുരവേ നമഃ
ഇവിടെ ഇനി കുറിക്കുന്നത് ഒരു വ്യവസ്ഥാപിത ഉപാസനാരീതി അല്ല. നമ്മൾ ഗുരുവിന്റെ അനുഗ്രഹത്തോടെ മഹാഗണപതിയെ വണങ്ങുന്നു എന്ന് മാത്രം. അതിനാൽ അതിൽ തെറ്റുകുറ്റങ്ങൾ വരാതെ ഇരിക്കാൻ ഗുരുവിന്റെ പൂർണ അനുഗ്രഹം ആവശ്യമുണ്ട്.
അതുകൊണ്ട് എല്ലാറ്റിനും മുൻപ് മനസ് ഗുരുപാദങ്ങളിലർപ്പിച്ച് സമ്പൂർണ സമർപ്പണ മനോഭാവത്തോടെ ഗുരുവിന്റെ അനുഗ്രഹവും അനുമതിയും ചോദിക്കുക. വന്നുപോകാനിടയുള്ള തെറ്റുകുറ്റങ്ങൾക്ക് ക്ഷമ ചോദിക്കുക.
വ്യാസൻ തുടങ്ങി ഭാരതത്തിന്റെ ഗുരുപരമ്പരയെ വന്ദിച്ച് നമ്മുടെ ഗുരുക്കന്മാരെ മനസാൽ വന്ദിച്ച് നമുക്ക് ആരംഭിക്കാം.
ഏറ്റവും ലളിതമായ ഉപാസന പോലും ഭഗവാൻ സ്വീകരിക്കുകയും പ്രസാദിക്കുകയും ചെയ്യും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക – ചെയ്യുന്ന ഉപാസന എത്ര ലളിതമായാലും അത് സമ്പൂർണമായ സമർപ്പണത്തോടെയും ശ്രദ്ധയോടെയും ചെയ്യുക. നമ്മൾ എന്താണോ ചെയ്യാനുദ്ദേശിക്കുന്നത്, അത് പൂർണമായും ചെയ്യുക. മനസിൽ ഒന്ന് വിചാരിച്ചിട്ട് അതിൽ മുടക്കം വരുത്തരുത്. ഉദാഹരണത്തിന് മന്ത്രജപം 108 ചെയ്യാൻ സാധിക്കില്ലെങ്കിൽ 11 തവണ ജപിച്ചാലും മതി, പക്ഷേ 108 ജപിക്കാം എന്ന് സങ്കല്പിക്കരുത്. സങ്കല്പതിനേക്കാൾ കൂടുതൽ ചെയ്താലും ഒട്ടും കുറയാൻ പാടില്ല.
വിനായകചതുർത്ഥി ഇന്നലെ വൈകിട്ട് 5:30നു ആരംഭിച്ചു. വിനായകചതുർത്ഥിയുടെ തലേദിവസം വൈകിട്ട് മുതൽ വ്രതം ആരംഭിക്കുക. രാത്രി മത്സ്യമാംസാദികൾ ഒഴിവാക്കണം. അരിയാഹാരം ഒഴിവാക്കിയാൽ നല്ലത്.
ഇന്ന് പുലർച്ചെ കുളിച്ച് ഭസ്മം ധരിച്ച് ഗണപതിഭഗവാനെ മനസിൽ ധ്യാനിച്ച് ഭഗവാന്റെ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ അത് വച്ച് ഒരു വിളക്ക് കൊളുത്തുക. വിളക്കു കൊളുത്താൻ നെയ്യ്, വെളിച്ചെണ്ണ, നല്ലെണ്ണ ഇവയിലൊന്നു മാത്രം ഉപയോഗിക്കുക.
കിണ്ടിയിൽ ജലം എടുത്ത് “ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരീ തീർത്റ്റ്ജേfസ്മിൻ സന്നിധിം കുരുഃ” എന്ന മന്ത്രം ചൊല്ലി പുണ്യാഹമാക്കിയ ശേഷം അതിൽ അല്പമെടുത്ത് പൂജാ സാധനങ്ങളിലും സ്വന്തം ശരീരത്തും തളിക്കുക.
ചുവന്ന പുഷ്പങ്ങളാണ് ഗണപതിഭഗവാനു പ്രിയം. വെളുത്ത പുഷ്പങ്ങളും അർപ്പിക്കാം. തുളസിയില സമർപ്പിക്കരുതെന്ന് ചില ഗുരുക്കന്മാർ പറയുന്നുണ്ട്. തെറ്റി, ചുവന്ന ചെമ്പരത്തി, മുക്കുറ്റി എന്നിവ വളരെ ഉത്തമമാണ്.
കറുക ഗണപതിഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ്. കറുകമാല ചിത്രത്തിലോ വിഗ്രഹത്തിലോ സമർപ്പിക്കാവുന്നതാണ്. മാല കെട്ടുമ്പോൾ 3 നാമ്പ് വീതം ചേർത്ത്ത് കെട്ടണം. ഭഗവാന്റെ അര വരെയെങ്കിലും നീളം ഉണ്ടാകണം.
മൂന്ന് കറുകനാമ്പുകൾ കൂട്ടിക്കെട്ടിയ 21 എണ്ണം, 21 ചുവന്ന പുഷ്പങ്ങൾ എന്നിവ തയ്യറാക്കി വയ്ക്കുക. (കറുക നന്നായി കഴുകണം).
ഒരു നാക്കിലയിൽ ഗണപതി ഒരുക്ക് വയ്ക്കാം. ഒരു കരിക്ക് കൂടി അതിൽ സമർപ്പിക്കാവുന്നതാണ്.
21 പുഷ്പങ്ങൾ ഗണപതി ഗായത്രി ചൊല്ലിയോ അല്ലെങ്കിൽ ഓം ഗം ഗണപതയെ നമഃ എന്ന മന്ത്രം ചൊല്ലിയോ ഭഗവാന് സമർപ്പിക്കുക. മൂന്ന് കറുക നാമ്പ് കൂട്ടിക്കെട്ടിയത് 21 വട്ടം ഗണപതി ഗായത്രി (അറിയില്ലെങ്കിൽ ഓം ഗം ഗണപതയെ നമ എന്ന മന്ത്രം ചൊല്ലം) ചൊല്ലി ഭഗവാനു സമർപ്പിക്കുക.
ഗണേശന്റെ ദ്വാദശ മന്ത്രം ജപിക്കുന്നത് വളരെ ഉത്തമമാണ്. 108 തവണ അത്യുത്തമമാണ്. സാധിക്കാത്തവർ 11 തവണയെങ്കിലും ചൊല്ലുക.
ഗണേശദ്വാദശ മന്ത്രം:
ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്നരാജായ നമ:
ഓം ധ്രൂമ്രവർണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായ നമ:
വ്യവസ്ഥാപിത പൂജാരീതികളിലെ ആവാഹനമോ പുരശ്ചരണമോ ഗുരുവിന്റെ ഉപദേശപ്രകാരമല്ലാതെ ചെയ്യാൻ പാടില്ലാത്തതിനാൽ നമ്മൾ തൽക്കാലം നമുക്ക് സാധിക്കുന്ന ഒരു നിവേദ്യം ഭഗവാനു സമർപ്പിക്കുക. വൃത്തിയായി തയ്യാറാക്കിയ ഗണപതി ഒരുക്കോ, ത്രിമധുരമോ എള്ളുണ്ടയോ പഴവർഗ്ഗങ്ങളോ പായസമോ ഒക്കെ നൽകാവുന്നതാണ്.
പഴവും തേനും ശർക്കര/പഞ്ചസാരയും ഒരല്പം നെയ്യും ചേർത്ത വിഭവം ഭഗവാനു വളരെ പ്രിയമാണ്. (അല്പം എള്ളും ചേർക്കാം)
നിവേദ്യം ഭഗവാനു സമർപ്പിച്ച് കണ്ണടച്ച് ഭഗവാൻ ആ നിവേദ്യം സ്വീകരിക്കുന്നതായും അതിൽ തൃപ്തനാകുന്നതായും സങ്കല്പിക്കുക. നമ്മുടെ സങ്കല്പം എത്ര ശക്തമാണോ അത്രയും ഫലം അതിനുണ്ടാകും. ഭാരതീയ ഉപാസനാ സമ്പ്രദായങ്ങളിലെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണു സങ്കല്പം.
നിവേദ്യം നൽകിയ ശേഷം പുണ്യാഹ ജലം അല്പം ഭഗവാനു നൽകുക.
നിവേദ്യം നൽകിയ ശേഷം
ഗണപതിയുടെ അഷ്ടോത്തരശത നാമാവലിയോ സഹസ്രനാമമോ ചൊല്ലാൻ സാധിക്കുന്നവർ ചൊല്ലുക. ഇല്ലെങ്കിൽ ഓം ഗം ഗണപതയെ നമഃ എന്ന മന്ത്രം 108ഓ 1008 ഒക്കെ ചൊല്ലാം. മന്ത്രം ചൊല്ലുമ്പോൾ അവനവനു മാത്രം കേൾക്കാൻ സാധിക്കുന്ന രീതിയിൽ ചൊല്ലുക. കുടുംബത്തോടെ ഗണേശ സ്തുതികളും ചൊല്ലാവുന്നതാണ്.
അതിനു ശേഷം പൂജ സമർപ്പിക്കുക. ഭഗവാനോട് അറിഞ്ഞോ അറിയാതെയോ വന്നു പോയ പിഴകൾക്കെല്ലാം ക്ഷമ ചോദിക്കാം.
മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഗണേശ്വര
യത്പൂജിതം മയാ ദേവ
പരിപൂർണം തദസ്തു മേ
എന്ന മന്ത്രം ചൊല്ലി, പൂജയിൽ സംഭവിച്ച് പോയ മന്ത്രഹീനതയ്ക്കും ക്രിയകളിലെ പിഴവുകൾക്കും ഭക്തി/വൃത്തി ഹീനതയ്ക്കും ക്ഷമ ചോദിക്കാം.
ശേഷം
“കായേന വാചാ മനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാവാ പ്രകൃതിസ്വഭാവാത്
കരോമി യദ്യൽ സകലം പരസ്മൈ
ഗജാനനായേതി സമർപ്പമായി”
എന്ന സമർപ്പണ മന്ത്രം ചൊല്ലി തന്താങ്ങളെ ഭഗവാനു സമർപ്പിക്കുക.
ശേഷം പൂജ സ്വീകരിച്ച ഭഗവാൻ തന്റെ ഹൃദയകമലത്തിലേക്ക് തിരിച്ചു പോയി ഉപവിഷ്ടനാകണമേ എന്ന് പ്രാർത്ഥിച്ച് ഭഗവാനു സമർപ്പിച്ച ഒരു പുഷ്പം എടുത്ത് മണപ്പിച്ച് തലയിൽ ചൂടി പൂജ അവസാനിപ്പിക്കാം.
=============================
വിനായക ചതുർത്ഥി ദിവസം പൂർണമായും ഭഗവദ് വിചാരത്തിൽ കഴിച്ചു കൂട്ടണം. കഴിയുന്നത ഗണേശനാമങ്ങളോ സ്തുതികളോ മന്ത്രങ്ങളോ ചൊല്ലാം. മന്ത്രജപം നടത്തുമ്പോ ബാഹ്യശുദ്ധിയും ആന്തരശുദ്ധിയും പാലിക്കണമെന്ന് മാത്രം. ശ്രദ്ധയോടെ ചൊല്ലാൻ സാധിക്കുമ്പോൾ മാത്രം മന്ത്രജപം നടത്തുക.
ചതുർത്ഥി ദിനം മുഴുവൻ വ്രതം പാലിക്കണം. മത്സ്യം/മാംസം/ലഹരി മുതലായവ പൂർണമായും ഒഴിവാക്കുക. കഴിയുന്നവർ ഒരിക്കലൂണ് (ഒരു നേരം ഭക്ഷണം) എടുക്കാം. സാധിക്കാത്തവർ കഴിയുന്നതും രാവിലെയും രാത്രിയും അരിയാഹാരം ഒഴിവാക്കുക. ആരോടും ദേഷ്യപ്പെടാനോ വഴക്കുണ്ടാക്കാനോ പാടില്ല.
തിങ്കൾ രാവിലെ കുളിച്ച് ഭഗവാനെ വിളക്കു വച്ച് തൊഴുത് ഭഗവാനെ മനസിൽ ധ്യാനിച്ച് ഒരു കൈ വെള്ളമെടുത്ത് ഗം ഗണപതയെ നമ എന്ന മന്ത്രം 11 തവണ ചൊല്ലി കുടിച്ച് വ്രതം അവസാനിപ്പിക്കാം.
ഭഗവാന്റെ പ്രസാദമോ തീർത്ഥമോ ആയാലും വ്രതം എടുക്കുന്നവർ കഴിക്കാതിരിക്കുന്നതാണുത്തമം. ആ പ്രസാദം സൂക്ഷിച്ച് വച്ച് മറ്റന്നാൾ കഴിക്കാവുന്നതാണ്.
=============================
വിനായക ചതുർത്ഥിദിവസം ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും മന്ത്രജപത്തോടെ പ്രദക്ഷിണം ചെയ്യുന്നതും അഷ്ടദ്രവ്യ ഗണപതി ഹോമം നടത്തുന്നതും സർവ്വോത്തമമാണ്. ഓരോ കാര്യസാദ്ധ്യത്തിനും ഓരോ മന്ത്രജപത്തോടെ ഗണപതിഹോമം നടത്താവുന്നതാണ്.
21 നാളികേരം വഴിപാടായി ഓരോനാളികേരവും കയ്യിലെടുത്ത് ഹൃദയത്തോട് ചേർത്ത്‌തങ്ങളുടെ ആവശ്യം/വിഷമം ഭഗവാനോട് പറഞ്ഞ് ഗണപതി മന്ത്രം ചൊല്ലി ഉടച്ചാൽ ഭഗവാൻ ഭക്തന്റെ വിഷമം നീക്കി ആഗ്രഹസാദ്ധ്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉടച്ച നാളികേരം എടുത്ത് കഴിക്കുകയോ വീട്ടിൽ കൊണ്ടുവരികയോ ചെയ്യരുത്.
കറുക മാല സമർപ്പിക്കുന്നതും അത്യുത്തമമാണ്
എല്ലാവർക്കും മഹാഗണപതിയുടെ അനുഗ്രഹമുണ്ടാകട്ടെ!
ഓം ഗം ഗണപതയേ നമഃ
Discussion about this post