തൃശൂർ: കൈക്കൂലി നൽകാത്തതിനാൽ അനസ്‌തേഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്‌തെന്ന് ആരോപിച്ച് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനും രോഗിക്കും എതിരെ ഡോക്ടർ നൽകിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. തൃശൂർ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ഇന്ദു പി.രാജ് ആണ് പ്രതികളായ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫിനെയും രോഗിയായ ലത്തീഫ് മൂക്കുതലയെയും വെറുതെ വിട്ട് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.പരാതി പിൻവലിച്ചതോടെയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.
2018 ൽ തൃശൂർ മെഡിക്കൽ കോളേജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഡ്‌നിയിലെ കല്ല് നീക്കം ചെയ്യുന്നതിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയായ ലത്തീഫ് മൂക്കുതലയെ ഓപ്പറേഷൻ നടത്താൻ കൈക്കൂലി ലഭിക്കാത്തത് കൊണ്ട് അനസ്‌ത്യേഷ്യ നൽകാതെ ക്രൂരമായി ഓപ്പറേഷൻ നടത്തിയതെന്നായിരുന്നു ആരോപണം. യൂറോളജി വിഭാഗം തലവൻ ഡോ.രാജേഷ് കുമാറിനെതിരെ ആയിരുന്നു പരാതി.
ഇതിനെ ചോദ്യം ചെയ്ത അന്നത്തെ മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ. അബ്ദുൾലത്തീഫിനെ തിരെയും രോഗിയായ ലത്തീഫ് മൂക്കുതലക്ക് എതിരെയും, തന്നെ ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കേസ് കൊടുക്കുന്നത്.
Discussion about this post